തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളെ പോലീസ് ആസ്ഥാനത്തിനു മുന്നിൽ പോലീസ് തടഞ്ഞു. പോലീസ് ആസ്ഥാനത്ത് സത്യഗ്രഹ സമരം നടത്താൻ എത്തിയ ജിഷ്ണുവിന്റെ മാതാവ് മഹിജ ഉൾപ്പെടെയുള്ളവരെയാണ് പോലീസ് തടഞ്ഞത്. ജിഷ്ണുവിന്റെ അമ്മയെ പോലീസ് നിലത്തുകൂടി വലിച്ചിഴച്ചു. പോലീസ് നടപടിയിൽ ജിഷ്ണുവിന്റെ ബന്ധുക്കൾ പ്രതിഷേധിച്ചു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.
കൃഷ്ണദാസിന്റെ അറസ്റ്റും വിട്ടയക്കലും പോലീസിന്റെ നാടകമായിരുന്നുവെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഹിജയും ബന്ധുക്കളും സത്യാഗ്രഹ സമരത്തിനെത്തിയതോടെ ഡിജിപി ലോക്നാഥ് ബെഹ്റ മഹിജയെ ചർച്ചക്ക് ക്ഷണിച്ചിരിക്കുകയാണ്. പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയി മരിച്ച കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വരെ പോലീസ് ആസ്ഥാനത്തിന് മുന്നിൽ സത്യഗ്രഹസമരം ഇരിക്കുമെന്ന് ജിഷ്ണു പ്രാണോയിയുടെ മാതാപിതാക്കളും ബന്ധുക്കളും രാവിലെ തിരുവനന്തപുരത്തെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പ് നടത്താനല്ല തങ്ങൾ സമരം നടത്തുന്നതെന്നും നീതിക്ക് വേണ്ടിയുള്ള സമരമാണെന്നും ബന്ധുക്കൾ പറഞ്ഞു. കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ഉടനെ തന്നെ വിട്ടത് ശരിയായ നടപടിയല്ലെന്നും അയാളെ കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്താൻ പോലീസ് തയാറാകാതിരുന്നത് പോലീസിന്റെ വീഴ്ചയാണെന്നും അവർ ആരോപിച്ചു. പോലീസ് ജിഷ്ണു പ്രാണോയി കേസിലെ പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. ജിഷ്ണു മരിച്ചിട്ട് 89 ദിവസം പിന്നിട്ടിട്ടു കൂടിയും ഒരു പ്രതിയെ പോലും പിടികൂടാൻ പോലീസ് ശ്രമിക്കാത്തത് സംശയം ജനിപ്പിക്കുകയാണെന്നും ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ മാസം 27 -ാം തീയതി സത്യാഗ്രഹം നടത്താൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ ഡിജിപി ലോക്നാഥ് ബെഹ്റ ഒരാഴ്ചക്കകം പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും സ്വത്ത് കണ്ടു കെട്ടുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഡിജിപിയുടെ വാക്ക് വെറും വാക്കായി മാറുകയായിരുന്നുവെന്നും ജിഷ്ണുവിന്റെ ബന്ധുക്കൾ ആരോപിച്ചു. ഡിജിപി ഓഫിസിനു മുന്നില് അനിശ്ചിതകാല സത്യഗ്രഹം തുടങ്ങാനായി കുടുംബം ഇന്നുരാവിലെയാണ് ജിഷ്ണുവിന്റെ മാതാപിതാക്കൾ തിരുവനന്തപുരത്തെത്തിയത്