നാദാപുരം: പാമ്പാടി നെഹ്റു കോളജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിഷ്ണു പ്രണോയുടെ കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മാതാവ് മഹിജ മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും കാണും. സിബിഐ അന്വേഷണമാവശ്യപ്പെട്ട് കുടുംബം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നൽകിയിരുന്നു.
പരാതി മുഖ്യമന്ത്രിക്ക് കൈമാറിയതായി കോടിയേരി കഴിഞ്ഞ ദിവസം കുടുംബത്തെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുടുംബം മുഖ്യമന്ത്രിയെ കാണുന്നത്. സർക്കാറിൽനിന്ന് അനുഭാവപൂർണ്ണമായ സമീപനമുണ്ടായതോടെയാണ് കടുംബം മുഖ്യമന്ത്രിയെ കാണാനൊരുങ്ങുന്നത്. പിതാവ് അശോകൻ നേരത്തെ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിരുന്നു. പരാതി ഡിജിപി സർക്കാറിന് കൈമാറിയിരുന്നു.
കേസ് സിബിഐക്ക് വിടാൻ കേന്ദ്ര സർക്കാർ മുഖേന സുപ്രീം കോടതിയെ സമീപിക്കാൻ കുടുംബം തീരുമാനമെടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ സമീപിക്കുന്നത്. മുഖ്യമന്ത്രിയെ കേസുമായി ബന്ധപ്പെട്ട് കാണാൻ മാതാവ് നേരത്തെ തയാറായിരുന്നില്ല. ജില്ലയിലോ അടുത്തിടങ്ങളിലോ പരിപാടികൾക്ക് എത്തുമ്പോൾ മുഖ്യമന്ത്രിയെ കാണാനാണ് കുടുംബത്തിന്റെ തീരുമാനം.