സ്വന്തം ലേഖകൻ
കണ്ണൂർ: പുനഃസംഘടിപ്പിച്ച മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ കണ്ണൂരിൽ നിന്നും ആറുപേർ. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ചുപേരും സെക്രട്ടറി സ്ഥാനത്ത് ഒരാളുമാണ് ഇടം നേടിയിരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എ ഗ്രൂപ്പിൽ നിന്ന് ഡോ. കെ.വി. ഫിലോമിന, മുരളീധര വിഭാഗത്തിൽ നിന്ന് ലിസി തോമസ്, വിശാല ഐ വിഭാഗത്തിലെ വേണുഗോപാൽ ഗ്രൂപ്പിൽ നിന്ന് സി.കെ. കൃഷ്ണകുമാരി, സുനിജ ബാലകൃഷ്ണൻ, സുധാകര ഗ്രൂപ്പിൽ നിന്നും സരസ്വതി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എ ഗ്രൂപ്പിലുള്ള ഡെയ്സി സ്കറിയ ആണ് സെക്രട്ടറി സ്ഥാനത്തുള്ളത്. ലതിക സുഭാഷ് സംസ്ഥാന പ്രസിഡന്റായ കമ്മിറ്റിയിൽ 103 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൊച്ചി മേയർ സൗമിനി ജെയിനടക്കം നാലു പേരാണു വൈസ് പ്രസിഡന്റുമാർ.
സുധാ കുര്യൻ (കോട്ടയം), രാജലക്ഷ്മി (പത്തനംതിട്ട), ആശാ സനിൽ (എറണാകുളം) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ഇടുക്കി സ്വദേശി ലീലാമ്മ ജോസാണ് ട്രഷറർ. വൈസ് പ്രസിഡന്റുമാരിൽ നാലുപേരിൽ രണ്ടുവീതം സ്ഥാനം എ, ഐ ഗ്രൂപ്പുകൾക്കാണ്. 43 ജനറൽ സെക്രട്ടറിമാരെയും 55 സെക്രട്ടേറിയറ്റ് ഭാരവാഹികളെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.