ഇരിങ്ങാലക്കുട: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇന്നസെന്റ് എംപിയുടെ വസതിയിലേക്കു മഹിളാ കോണ്ഗ്രസ് മാർച്ച് നടത്തി. ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികൾ കൂടിയായ കലാകാരന്മാർ രംഗത്തിറങ്ങി സ്ത്രീകൾക്കെതിരായി നടത്തുന്ന പരാമർശങ്ങളും പ്രവർത്തനങ്ങളും അതിരുകടക്കുമ്പോഴാണ് ഇവർക്കെതിരെ സ്ത്രീകൾ തെരുവിലേക്കിറങ്ങേണ്ട അവസ്ഥ വന്നതെന്നു മഹിളാ കോണ്ഗ്രസ് സംസ്ഥാന ഭാരവാഹി ഷാനിമോൾ ഉസ്മാൻ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി നിലകൊള്ളാത്ത അമ്മ സംഘടനയുടെ പ്രസിഡന്റ് കേരളത്തിലെ എംപി കൂടിയായ ഇന്നസെന്റ് ആണെന്നുള്ളതു ലജ്ജാകരമാണെന്നും അതിനുപുറമെ സ്ഥിരമായി സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടത്തുന്ന ഇന്നസെന്റ് ഇപ്പോൾ ‘ഇന്നസെന്റ്’ അല്ലാതായി മാറിയിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹം വഹിക്കുന്ന സ്ഥാനങ്ങൾ രാജിവച്ചു പുറത്തു പോകണമെന്നും ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയക്കാരൻ ആയതുകൊണ്ടല്ല, പകരം കലാകാരൻ ആയതിനാലാണു ജനങ്ങൾ ഇദ്ദേഹത്തെ എംപിയായി തെരഞ്ഞെടുത്തതെന്നും ഷാനിമോൾ ഓർമപ്പെടുത്തി.
മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മടീച്ചർ അധ്യക്ഷത വഹിച്ചു. മഹിളാ കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുജ സജീവ്കുമാർ, മുൻ നഗരസഭാ ചെയർപേഴ്സണ് ബെൻസി ഡേവിഡ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.