തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദനക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസം തുടങ്ങി.
രാവിലെ 6 മുതൽ വൈകീട്ട് ആറ് വരെയാണ് ഉപവാസം. വി.എം.സുധീരൻ ഉപവാസം ഉദ്ഘാടനം ചെയ്തു. ഡോ.വന്ദനയുടെ വീട്ടിൽ നടത്തിയ കരച്ചിൽ നാടകമല്ലെങ്കിൽ രാജിവച്ചൊഴിയാൻ ആരോഗ്യമന്ത്രി തയാറാകണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു.
ഡോക്ടര്‍ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക.
പ്രതിക്കു വേണ്ടി പോലീസ് കഴിഞ്ഞദിവസം പ്രൊഡക്ഷന്‍ വാറൻഡിന് കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ നേരിട്ടു ഹാജരാക്കാന്‍ കൊട്ടാരക്കര കോടതി നിര്‍ദേശം നല്‍കിയത്. സന്ദീപിനെ അഞ്ചുദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.