കോഴിക്കോട്: വിവാദങ്ങളുടെ കുത്തൊഴുക്കിനിടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി മഹിളാമാള്‍ വിവാദവും. വനിതകള്‍ക്കു വേണ്ടി മാത്രമായൊരുങ്ങിയ രാജ്യത്തെ ആദ്യത്തെ ഷോപ്പിംഗ് മാളായ മഹിളാ മാളാണ് ഇപ്പോള്‍ വിവാദത്തിലും അതുവഴി വിജിലന്‍സ് അന്വേഷണ സാധ്യതയിലേക്കും എത്തിയിരിക്കുന്നത്.
സ്വര്‍ണക്കടത്തും സെക്രട്ടേറിയറ്റ് തീപിടിത്തവും ഒക്കെയായി പ്രതിപക്ഷം സര്‍ക്കാരിനെതിരേ സര്‍വ ശക്തിയും ഉപയോഗിച്ച് തിരിഞ്ഞിരിക്കുന്ന അവസ്ഥയില്‍ തന്നെയാണ് സര്‍ക്കാരിന്റെ വനിതാശാക്തീകരണമുള്പ്പെടെയുള്ള വാഗ്ദാനങ്ങള്‍ക്ക് ഇരുട്ടടി നല്കുന്ന മഹിളാമാള്‍ വിവാദവും ഉണ്ടായിരിക്കുന്നത്.
തട്ടിപ്പിനിരയായവര്‍ കുടുംബശ്രീ അംഗങ്ങളാണെന്നതിനാല്‍ തന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒഴിഞ്ഞുനില്ക്കാനാകില്ല. സംസ്ഥാനത്തെ ഇടതുപക്ഷ കോട്ടകളില്‍ ഒന്നായ കോഴിക്കോട് കോര്‍പറേഷനാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്.
പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ട് രംഗത്തെത്തിക്കഴിഞ്ഞു. അതേസമയം കെട്ടിട നമ്പര്‍ ഉള്‍പ്പെടെ കിട്ടാനായും വനിതാസംരംഭമെന്ന നിലയിലുള്ള ആനുകൂല്യം കിട്ടാന്‍ വേണ്ടിയും വനിതകളെ മാളിന്റെ പേരില്‍ ബലിയാടാക്കുകയായിരുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു.
പതിനാറോളം വനിതാസംരംഭകരാണ് ഇതിനകം മാളില്‍ നിന്ന് ഒഴിഞ്ഞുപോയിരിക്കുന്നത്. സംരംഭകര്‍ നല്കിയ പരാതി അന്വേഷണത്തിനായി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറാന്‍ തീരുമാനിച്ചതായി കുടുംബശ്രീ ഡയറക്ടര്‍ ഹരികൃഷ്ണന് അറിയിച്ചതായി ഇന്നലെ മാള്‍ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും അദ്ദേഹം ശേഖരിച്ചു. വരുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ ഇത് ശക്തമായ പ്രചാരണ ആയുധമാക്കാനാണ് നീക്കം.
ലക്ഷങ്ങള്‍ മുടക്കിയാണ് കോഴിക്കോട് കോര്‍പറേഷനിലെ കുടുംബശ്രീ സിഡിഎസ് യൂണിറ്റിനുകീഴില്‍ പല സംരംഭകരും വനിത മാളില്‍ കച്ചവടം ആരംഭിച്ചത്. ഇതാണ് ഇപ്പോള്‍ പൂട്ടികെട്ടിയിരിക്കുന്നത്. അഞ്ച് മാസമായി മഹിളാമാളിലെ കടകള്‍ അടഞ്ഞു കിടക്കുകയാണ്.
എന്നാല്‍ രണ്ട് മാസത്തെ വാടക നല്‍കിയാല്‍മാത്രമേ മാള്‍ തുറക്കാന്‍ കഴിയൂ എന്നാണ് അധികൃതരുടെ വിശദീകരണം. 2018 നവംബര്‍ 24 ന് ആയിരുന്നു പ്രൗഢഗംഭീരമായ ചടങ്ങില്‍ മഹിളാമാള്‍ ഉദ്ഘാടനം ചെയ്തത്.
മുഖ്യമന്ത്രിയും അഞ്ചുമന്ത്രിമാരും പങ്കെടുത്താണ് പരിപാടി നടത്തിയത്. രാജ്യത്തെ തന്നെ വനിതകളുടെ ആദ്യ മാള്‍ എന്ന നിലയില്‍ മഹിളാമാള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ആകെയുണ്ടായിരുന്ന 79 കച്ചവടക്കരായ സ്ത്രീകളില്‍ ബഹുഭൂരിപക്ഷം പേരും ഇന്ന് കടുത്ത സാമ്പത്തിക ബാധ്യതയിലാണ്.
അതേസമയം മാളുകളില്‍ ഷോപ്പുകള്‍ നിശ്ചയിച്ചതിലും കമ്രക്കേട് ഉണ്ടെന്ന ആരോപണവും ഉയരുന്നു. കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും ഒരു സ്ഥിരം വേദി എന്ന പേരില്‍ തുടങ്ങിയ മൈക്രോബസാറില്‍ നിന്നും നേരത്തെ തന്നെ ആളുകള്‍ പിന്വാങ്ങായിരുന്നു.
മാളിന്റെ ഏറ്റവും താഴെയായി ആരും അധികം ശ്രദ്ധിക്കാത്ത ഭാഗത്താണ് മൈക്രോബസാറിന് ഇടം നല്‍കിയതെന്നായിരുന്നു ആരോപണം.