തൃശൂർ: അമ്മയുടെ സ്ഥാനത്ത് മഹിളാമന്ദിരം സൂപ്രണ്ട് പി.എസ്. ഉഷയെ സാക്ഷിയാക്കി ജില്ലാ കളക്ടര്‍ ഹരിത വി. കുമാർ വധുവിന്റെ കൈ പിടിച്ചു നല്കി.
വനിതാ സംരക്ഷണ ഓഫീസര്‍ എസ്. ലേഖയും വനിതാശിശു വികസന ജില്ലാ ഓഫീസര്‍ പി. മീരയും ചേര്‍ന്നു കൈമാറിയ സിന്ദൂരം റോയ്സണ്‍ പാര്‍വതിയുടെ നെറുകയില്‍ ചാര്‍ത്തി.
ആശംസകളേകി മേയറും എംഎൽഎയുമടക്കമുള്ളവർ… തൃശൂര്‍ മഹിളാമന്ദിരം സാക്ഷ്യം വഹിച്ച വിവാഹ ചടങ്ങിന്റെ വിശേഷങ്ങളാണിത്.
രാമവര്‍മപുരം മഹിളാമന്ദിരത്തിലെ അന്തേവാസിയായ പാര്‍വതിയാണ് ജില്ലയുടെ സ്നേഹലാളനകള്‍ ഏറ്റുവാങ്ങി വിവാഹ ജീവിതമാരംഭിച്ചത്.
ലാലൂര്‍ മനയ്ക്കപ്പറമ്പില്‍ റോയ്സണ്‍ ആണ് പാര്‍വതിയെ ജീവിത സഖിയാക്കി. രാമവര്‍മപുരം മഹിളാ മന്ദിരത്തിന്റെ മുറ്റത്തൊരുങ്ങിയ അലങ്കാരപ്പന്തലിലായിരുന്നു വിവാഹം.
വിവാഹമോതിരം കൈമാറി മേയര്‍ എം.കെ. വര്‍ഗീസ് വരണമാല്യം എടുത്തുനല്‍കി. ബൊക്കെ കൈമാറി ഡപ്യൂട്ടി മേയര്‍ രാജശ്രീ ഗോപനും പി. ബാലചന്ദ്രന് എംഎല്‍എയും കോര്പറേഷന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ലാലി ജയിംസും നവദമ്പതികളെ അനുഗ്രഹിച്ചു.
ചടങ്ങില്‍ യുവ എഴുത്തുകാരി ദീപ ജയരാജ് എഴുതിയ “മാംസനിബദ്ധമല്ല രാഗം’ എന്ന നോവല്‍ വധൂവരന്മാര്ക്ക് കൈമാറി പ്രകാശനം ചെയ്തു. വ്യാഴാഴ്ച ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹ രജിസ്ട്രേഷന് നടന്നിരുന്നു.
വനിതാ ശിശുവികസന ജില്ലാ ഓഫീസര്‍ പി. മീരയുടെയും ലാലി ജയിംസിന്റെയും നേതൃത്വത്തിലാണ് വിവാഹ ഒരുക്കങ്ങള്‍ നടന്നത്.
വനിത ശിശുവികസന വകുപ്പിന്റെയും കോര്‍പറേഷന്റെയും കീഴിലുള്ള രാമവര്‍മപുരം മഹിളാമന്ദിരത്തില്‍ രണ്ടു വര്‍ഷം മുമ്പാണ് പാര്‍വതി അന്തേവാസിയായി എത്തിയത്. എല്‍ ആന്‍ഡ് ടി കണ്സ്ട്രഷന് കമ്പനിയിലെ ജീവനക്കാരനാണ് റോയ്സണ്‍.