പി. ജയകൃഷ്ണൻ
കണ്ണൂർ: രാജ്യ സ്നേഹത്തിന്റെ പ്രതീകമായ ഖാദി ഉത്പന്നങ്ങൾ വില്പന നടത്തുന്ന കണ്ണൂരിലെ ഖാദി ഗ്രാമ സൗഭാഗ്യയെ മറച്ച് പുതിയ ഐആർഡിപി വിപണന കേന്ദ്രം വരുന്നു. സ്വദേശി ഉത്പന്നങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി നാടിന് നല്കിയ ദേശീയ വസ്ത്ര വില്പന കേന്ദ്രത്തെ പാടെ മറച്ചാണ് മഹിളാ സമാജം യൂണിയനുവേണ്ടി ഐആർഡിപി വിപണന കേന്ദ്രം ഒരുങ്ങുന്നത്.
വിപണന കേന്ദ്രത്തിനായി ഖാദി ഗ്രാമ സൗഭാഗ്യയ്ക്ക് തൊട്ടു മുന്നിലെ കണ്ണൂർ താലൂക്ക് റീസർവേ 614/2 ബി യിൽ പെട്ട100 ചതുരശ്ര അടി സ്ഥലം ജില്ലാ കളക്ടർ തന്നെയാണ് അനുവദിച്ച് ഉത്തരവായത്. വിഷും, ഓണം, പെരുന്നാൾ തുടങ്ങിയ ആഘോഷ നാളുകളിൽ റിബേറ്റോടുകൂടി ലക്ഷ കണക്കിന് രൂപയുടെ ഖാദി ഉത്പന്നങ്ങൾ വില്പന നടത്തുന്ന കേന്ദ്രത്തിന് കളക്ടറുടെ തീരുമാനം വലിയ തിരിച്ചടിയാണ്.
ഗാന്ധി ജയന്തി നാളിലും മറ്റും ഗാന്ധി പ്രതിമയ്ക്ക് ഹാരാർപ്പണം അർപ്പിക്കാനും പുഷ്പാർച്ചന നടത്തുവാനും ഖാദി അങ്കണത്തിൽ സംവിധാനമുണ്ട്. ഗാന്ധിജിയുടെ പ്രതിമയടക്കം മറയ്ക്കുന്ന വിധത്തിലാണ് വിപണന കേന്ദ്രം ഒരുങ്ങുന്നത്. രാജ്യസ്നേഹത്തിന് ഉത്തമ മാതൃകയായ സ്ഥാപനത്തെ മറച്ച് ഇത്തരം ഒരു സ്ഥാപനത്തിന് പ്രവർത്തിക്കാൻ അനുമതി നൽകിയ കളക്ടറുടെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
കണ്ണൂർ ജില്ലാ മഹിളാ സമാജം യൂണിയൻ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. കളക്ടറേറ്റ് കോന്പൗണ്ടിലെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസിനു മുന്നിലായി താലൂക്ക് റോഡിനു സമാന്തരമായുള്ള സ്ഥലമാണ് കളക്ടർ അനുവദിച്ചത്.
ഒരുവർഷത്തേക്കുള്ള ലീസ് തുകയായി 29,403 രൂപ സമാജം ഒടുക്കിയതായും അറിയുന്നു. ഖാദി സൗഭാഗ്യയ്ക്കു മുന്നിൽ ഇത്തരം ഒരു സ്ഥാപനം അനുവദിച്ചതിൽ ജീവനക്കാർക്കും വ്യാപക പ്രതിഷേധമുണ്ട്. വിപണന കേന്ദ്രത്തിന് സംവിധാനമൊരുക്കാൻ അനുമതി നൽകിയ കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവും ശക്തമാണ്.