തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരു അപകടത്തിന്റെ കഥ പറയുകയാണ് ബോളിവുഡ് താരം മഹിമാ ചൗധരി. 1997 ൽ സുഭാഷ് ഗായ് ചിത്രമായ പർദേസിൽ ഷാരൂഖ് ഖാന്റെ നായികയായാണ് മഹിമ ചൗധരി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ ചിത്രം തന്നെ സൂപ്പർ ഹിറ്റായി.
മഹിമയുടെ അഭിനയം പ്രേക്ഷക ശ്രദ്ധ നേടിയെന്ന് മാത്രമല്ല നിരവധി അവാർഡുകൾ നേടാനും കാരണമായി. പർദേസിനു ശേഷം 199ൽ മനസുലോ മാതാ എന്ന തെലുങ്കു ചിത്രത്തിലാണ് മഹിമ അഭിനയിച്ചത്.
ഈ ചിത്രമുൾപ്പെടെ ആ വർഷം നാലു ചിത്രങ്ങളിലാണ് മഹിമ അഭിനയിച്ചത്. അതിൽ അജയ് ദേവ്ഗൺ നായകനായ ദിൽ ക്യാ കരേ എന്ന ചിത്രത്തിലെ മഹിമയുടെ കവിതാ കിഷോർ എന്ന കഥാപാത്രം വളരെയധികം പ്രശംസിക്കപ്പെടുകയുണ്ടായി.
എന്നാൽ ഈ സിനിമയുടെ ചിത്രീകരണ കാലത്തുണ്ടായ ഒരു അപകടം തന്റെ ജീവിതത്തെ വളരെയധികം മാറ്റി മറിച്ചുവെന്ന് മഹിമ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അപകടത്തെക്കുറിച്ച് താരം മനസു തുറന്നത്.
ബംഗളൂരുവിലായിരുന്നു ദിൽ ക്യാ കരേയുടെ ഷൂട്ടിംഗ്. ഷൂട്ടിംഗിനായി സ്റ്റുഡിയോയിലേക്ക് കാറിൽ പോകവെ ഒരു ട്രക്ക് കാറിലിടിക്കുകയായിരുന്നു. അപകടത്തിൽ കാറിലെ ചില്ലുകൾ മഹിമയുടെ ശരീരത്തിലും മുഖത്തും തറച്ചു കയറി.
മരിക്കാൻ പോവുകയാണെന്നു പോലും താൻ കരുതിയെന്ന് മഹിമ പറഞ്ഞു. അപകട വിവരം വളരെ കഴിഞ്ഞാണ് ബന്ധുക്കളും ചലച്ചിത്രരംഗത്തുള്ളവരും അറിഞ്ഞതെന്നും മഹിമ പറയുന്നു. അജയ് ദേവ്ഗൺ പിന്നീട് ആശുപത്രിയിലെത്തി.
67 ചില്ലുകഷണങ്ങളാണ് ഓപ്പറേഷനിലൂടെ മഹിമയുടെ ശരീരത്തിൽ നിന്നു നീക്കം ചെയ്തത്. ആശുപത്രിയിൽ കഴിയുന്പോൾ സൂര്യപ്രകാശം ഏൽക്കരുതെന്ന് നിർദേശമുണ്ടായിരുന്നു. മുറി മുഴുവൻ ഇരുട്ടാക്കിയിരുന്നു. ആ കാലയളവിൽ താൻ കണ്ണാടി പോലും നോക്കാറില്ലായിരുന്നുവെന്നും മഹിമ പറയുന്നു.
മുഖം നിറയെ മുറിവുകളാണെന്ന് അന്ന് പുറത്തറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ പല ചിത്രങ്ങളും നഷ്ടപ്പെടുമായിരുന്നുവെന്നും മഹിമ ചൗധരി പറയുന്നു. അപകടത്തിന്റെ ഓർമകൾ ഇപ്പോഴും തന്നെ വേട്ടയാടാറുണ്ടെന്നും അത് ഓർക്കുന്പോഴൊക്കെ കണ്ണുകൾ നിറയുമെന്നും മഹിമ പറയുന്നു.
ഏതാണ്ട് 34 ചിത്രങ്ങളിൽ മഹിമ ചൗധരി അഭിനയിച്ചിട്ടുണ്ട്. 2016ൽ പുറത്തിറങ്ങിയ ഡാർക് ചോക്കളേറ്റ് എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.