തൊടുപുഴ: കോവിഡിനെ പ്രതിരോധിക്കാൻ കൈയിൽ സാനിറ്റൈസർ പുരട്ടി ആഷ്ന മാഹിന്റെ കരം പിടിച്ച് പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചു. ലോക്ക് ഡൗണ്‍ നിരോധനം നിൽക്കുന്നതിനാൽ ആളും ആരവവും ഇല്ലാതെയാണ് ഇന്നലെ മാഹിൻ ആഷ്നയെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടിയത്.
അടുത്ത മാസം അഞ്ചിനായിരുന്നു തൊടുപുഴ കുഴിമണ്ഡപത്തിൽ നൗഷാദിന്റെ മകളും വിദ്യാർഥിനിയുമായ ആഷ്നയുടെയും മൂവാറ്റുപുഴ സ്വദേശിയായ മാഹിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. നാലു മാസം മുൻപായിരുന്നു ഇരുവരും തമ്മിൽ മതപരമായ ചടങ്ങുകളോടെ നിക്കാഹ് നടത്തിയത്.
അടുത്ത മാസം നടക്കുന്ന വിവാഹത്തിന് ഓഡിറ്റോറിയം ബുക്ക് ചെയ്യുകയും ആളുകളെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെയാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
ലോക്ക് ഡൗണ്‍ നില നിൽക്കുന്നതിനാലും വരും ദിവസങ്ങളിൽ രോഗത്തിന്റെ വ്യാപനം കൂടുമോയെന്ന ആശങ്കയും മൂലം പെട്ടെന്ന് തന്നെ ആഷ്നയെ ഒപ്പം കൂട്ടാൻ മാഹിൻ തീരുമാനിക്കുകയായിരുന്നു.
ഇന്നലെ മൂവാറ്റുപുഴയിൽ നിന്നും വാഹനത്തിൽ എത്തിയ മാഹിൻ ബന്ധുക്കളുടെ അനുവാദത്തോടെ ആഷ്നയെ വീട്ടിൽ നിന്നും കൈ പിടിച്ച് തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വിഷമത്തോടെയാണെങ്കിലും ആഷ്നയെ ബന്ധുക്കളും യാത്രയാക്കി.
പോകുന്ന വഴിയിൽ ആരോഗ്യപ്രവർത്തകർ ഇരുവർക്കും കൈയിൽ പുരട്ടാൻ സാനിറ്റൈസറും നൽകി. കോവിഡ് ഭീതി പൂർണമായി ഒഴിഞ്ഞതിനു ശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിരുന്നൊരുക്കാനാണ് ഇവരുടെ തീരുമാനം.