തലശേരി: ഇരുപത് ലക്ഷത്തിന്റെ താൽകാലിക നിർമാണ പ്രവൃത്തിക്ക് അറുപത് ലക്ഷത്തിന്റെ ബില്ല്, എട്ടുലക്ഷം ചിലവ് വരുന്ന സെൻട്രലൈസ്ഡ് ഓക്സിജൻ പൈപ്പ് ലൈനിന് ഇരുപത് ലക്ഷത്തിന്റെ ബില്ല്, ഡയറക്ടർ ബോർഡിന്റെ ഗെറ്റ്ടുഗതർ പാർട്ടിക്ക് സ്കോച്ചിന്റെ ബോട്ടിലിൽ മാഹി മദ്യം…
എല്ലാ തട്ടിപ്പുകളും ഡയറക്ടർമാർ ഒന്നിച്ച് കണ്ടെത്തിയതോടെ മാനേജിഗ് ഡയറക്ടറുടെ കസേര തെറിച്ചു. ഡയറക്ടർ ബോർഡ് യോഗത്തിൽ തട്ടിപ്പിന്റെ ആഴമറിഞ്ഞ ഡയറക്ടർമാർ എംഡിയെ കയ്യേറ്റം ചെയ്യാനും ഒരുങ്ങി.
തന്റെ നേരെ പാഞ്ഞടുത്ത ഡയറക്ടർമാരെ കോവിഡിന്റെ അകലം പറഞ്ഞ് തടഞ്ഞ എംഡി യോഗത്തിൽ നിന്നും ഓടി രക്ഷപെട്ടു.
തലശേരിയിലെ ആരോഗ്യ രംഗത്തെ പ്രമുഖ സ്ഥാപനത്തിലാണ് തീവെട്ടി കൊള്ള നടന്നതും കണ്ടെത്തിയതും എംഡിയായ ഡോക്ടറെ പടിക്ക് പുറത്താക്കിയതും. ഇദ്ദേഹം എംഡിയായി ചാർജെടുത്തതോടെ താത്കാലിക നിർമാണ പ്രവൃത്തികളുടെ നീണ്ട നിര തന്നെയാണുണ്ടായത്.
എംഡിയുടെ കൂടെ പഠിച്ചവരും അടുത്ത സുഹൃത്തുക്കൾക്കുമാണ് നിർമാണ പ്രവൃത്തികളുടെ ചുമതലയും ലഭിച്ചത്. ലക്ഷങ്ങളുടെ ബില്ലുകൾ വന്നതോടെ കാൽ നൂറ്റാണ്ടിന്റെപ്രവർത്തന പാരമ്പര്യമുള്ള മാനേജർ ബില്ലിൽ സംശയം പ്രകടിപ്പിച്ചു.
ഇതോടെ തന്റെ കണ്ണിലെ കരടായി മാറിയ മാനേജരെ എംഡി പുറത്താക്കി. പിന്നീട് ബില്ലുകൾ ഓരോന്നും പാസാക്കി കൊണ്ടിരുന്നു.
ഇതിനിടയിലാണ് പ്രമുഖ സർജനും അനസ്തീഷ്യ ഡോക്ടർക്കും സംശയം ഉടലെടുത്തത്. തുടർന്ന് പുറത്തു നിന്നും വിദഗ്ധരെ കൊണ്ടു വന്ന് പരിശോധിച്ചപ്പോഴാണ് വൻ തട്ടിപ്പുകൾ പുറത്തു വന്നത്.
ഗെറ്റുഗ്ദർ പാർട്ടികൾ നടക്കുമ്പോഴെല്ലാം മദ്യത്തിന്റെ കാര്യം താനേറ്റുവെന്ന് എംഡി പറയുക പതിവാണ്. പാർട്ടികൾക്ക് വില കൂടിയ സ്കോച്ചുകൾ എംഡി എത്തിക്കാറുണ്ട്.
എന്നാൽ മദ്യത്തിന്റെ രുചി വ്യത്യാസം പാർട്ടിയിൽ പങ്കെടുക്കുന്നവർ രഹസ്യമായി ചർച്ച ചെയ്തു. തുടർന്ന് നടത്തിയ അന്വഷണത്തിലാണ് സ്കോച്ചിന്റെ കുപ്പികളിൽ മാഹി മദ്യം നിറക്കുന്ന വിവരം പുറത്തായത്.
മാഹി മദ്യം വാങ്ങി കൊണ്ടു വന്ന് സ്കോച്ചിന്റെ കുപ്പികളിൽ നിറക്കുന്ന സഹായി മറ്റ് ഡയറക്ടർമാരുടെ മുന്നിൽ രഹസ്യമായി മനസ് തുറന്നതോടെയാണ് മദ്യത്തിലെ മറിമായവും പുറത്തറിഞ്ഞത്.
ഇതിനിടയിൽ സ്ഥാപനത്തിൽ നടന്ന അനധികൃത നിർമാണ പ്രവൃത്തികൾ പൊളിച്ചു നീക്കാൻ നഗരസഭ സ്ഥാപന മേധാവിക്ക് നോട്ടീസും നൽകി.