ശ്രീലങ്കയില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെ അടക്കമുള്ള നേതാക്കള്‍ ഇന്ത്യയിലേക്കു കടന്നതായി വ്യാപക പ്രചാരണം.
രാജപക്സെ അനുകൂലികള്‍ രാജ്യം വിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിമാനത്താവളത്തിലേക്കുള്ള റോഡ് ഉപരോധിച്ചു ജനക്കൂട്ടം പരിശോധന നടത്തുന്നതിനിടെയാണ് ഇത്തരം പ്രചാരണങ്ങള്‍ ശക്തമായത്.
എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്നും ശ്രീലങ്കയില്‍ നിന്നുള്ള രാഷ്ട്രീയനേതാക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അഭയം നല്‍കിയിട്ടില്ലെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന് ട്വീറ്റ് ചെയ്തു.
ചൊവ്വ പുലര്‍ച്ചെ ഔദ്യോഗിക വസതി വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലി നാവികതാവളത്തിലേക്കാണു പോയതെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രക്ഷോഭകര്‍ അവിടം വളഞ്ഞിരുന്നു.
മഹിന്ദ രാജപക്സെ നാടു വിടുമെന്ന് അഭ്യൂഹം പരന്നതോടെ നാവികതാവളവും അവിടേക്കുള്ള റോഡും പ്രക്ഷോഭകര്‍ വളഞ്ഞു.
സൈന്യം ഏറെ പണിപെട്ടാണ് മഹിന്ദ രാജപക്സെയെയും കുടുംബത്തെയും പ്രക്ഷോഭകാരികളുടെ പിടിയില്‍ പെടാതെ ടെംപിള്‍ ട്രീസ് ഔദ്യോഗിക വസതിക്കു പുറത്തെത്തിച്ചത്.
പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ കൊളംബോ നഗരത്തില്‍ സൈന്യത്തെ വിന്യസിച്ചു. പ്രധാന റോഡുകളില്‍ ടാങ്കുകളും സൈനിക വാഹനങ്ങളും നിരന്നിട്ടുണ്ട്.
ശ്രീലങ്കയിലെ നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ആശങ്കയുണ്ടെന്നും യുഎസ് പ്രതികരിച്ചു.
അക്രമസംഭവങ്ങളില്‍ എട്ടു പേര് മരിച്ചതോടെ പട്ടാളത്തിനും പൊലീസിനും പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അടിയന്തരാവസ്ഥകാല അധികാരം നല്കി.
പൊതുമുതല്‍ നശിപ്പിക്കുന്നവരെയും വ്യക്തികളെ ആക്രമിക്കുന്നവരെയും വെടിവയ്ക്കാന്‍ പ്രതിരോധമന്ത്രാലയം സേനകള്‍ക്ക് ഉത്തരവു നല്കി.
വ്യക്തികളെ ആക്രമിക്കുന്നവരെയും പൊതുമുതല്‍ നശിപ്പിക്കുന്നവരെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം.
അക്രമികളെ പിടികൂടി പൊലീസിനു കൈമാറും മുന്‍പ് 24 മണിക്കൂര്‍ പട്ടാളത്തിനു കൈവശം വയ്ക്കാം, ചോദ്യം ചെയ്യാം. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാനും സേനയ്ക്ക് അധികാരം നല്കി.
എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ വെടിവച്ചിടുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ശ്രീലങ്കന്‍ സായുധ സേന ഒരു ഘട്ടത്തിലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നു ശ്രീലങ്കന്‍ സൈനിക മേധാവി ജനറല്‍ ഷവേന്ദ്ര സില്‍വ പ്രതികരിച്ചു.
മഹിന്ദ രാജപക്സെയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജനറല്‍ ഷവേന്ദ്ര സില്‍വയെയും പട്ടാളത്തെയും ജനങ്ങള്‍ക്കു നേരേ മഹിന്ദ രാജപക്സെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വയ്ക്കുന്നതിനു മുന്‍പു ഔദ്യോഗിക വസതിക്കു മുന്നില്‍ തടിച്ചുകൂടിയ അനുയായികളെ അഭിസംബോധന ചെയ്തിരുന്നു.
പിന്നാലെ അനുയായികള്‍ ഇരുമ്പുദണ്ഡുകളുമായി ചെന്ന്, സമാധാനപരമായി സമരം നടത്തുകയായിരുന്ന പ്രതിഷേധക്കാരെ അടിക്കുകയും അവരുടെ ടെന്റുകള്‍ക്കു തീയിടുകയുമായിരുന്നു.
സര്‍ക്കാര്‍ അനുകൂലികളുടെ തേര്‍വാഴ്ച പോലീസ് ആദ്യമൊക്കെ കണ്ടു നിന്നു.പിന്നീടു മാത്രമാണു ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചത്.
ഗുണ്ടകളെ ഇറക്കി പ്രക്ഷോഭകര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടതിന് മഹിന്ദ രാജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.