ഇന്ത്യന്‍ സിനിമയിലെ റിക്കാര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞു മുന്നേറുകയാണ് എസ്. എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ദി കണ്ക്ലൂഷന്. പ്രണയവും പ്രതികാരവും യുദ്ധവുമെല്ലാം നിറഞ്ഞ ബാഹുബലി-2 ഉജ്ജ്വലമായ ഡയലോഗുകള്‍ കൊണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കുന്നു. മഹിഷ്മതി എന്ന അതിസുന്ദരമായ രാജ്യത്തിന്റെ പശ്ചാത്തലത്തിലാണ് രാജമൗലി കഥപറയുന്നത്. മഹിഷ്മതി ഒരു സാങ്കല്‍പ്പിക രാജ്യമാണോ അതോ അങ്ങനെയൊരു രാജ്യം നിലനിന്നിരുന്നോ എന്ന ചോദ്യം ബാഹുബലി ആദ്യഭാഗം ഇറങ്ങിയ അന്നു മുതല്‍ കേള്‍ക്കുന്നതാണ്.
എന്നാല്‍ അങ്ങനെയൊരു പ്രദേശം നിലനിന്നിരുന്നു എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ആ പ്രദേശം സിനിമയിലെപ്പോലെ ദക്ഷിണേന്ത്യയില്‍ അല്ലയെന്നു മാത്രം. ചരിത്രകാരന്മാരുടെ വാക്കുകളനുസരിച്ച് അവന്തി എന്ന രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു മഹിഷ്മതി. പുരാതന ഇന്ത്യയിലെ ഒരു പ്രബലമായ രാജ്യമായിരുന്നു ഇത്. മധ്യപ്രദേശില്‍ നര്‍മദാ നദിയുടെ തീരത്താണ് ഈ സാമ്രാജ്യം വ്യാപിച്ചു കിടന്നത്. ഇന്ന് മഹേശ്വര് എന്ന പേരിലാണ് പഴയ മഹിഷ്മതി അറിയപ്പെടുന്നത്.
മഹേശ്വരി സാരികള്‍ക്ക് പ്രശസ്തമായ ഖാര്‍ഗോണ്‍ ജില്ലയിലാണ് മഹേശ്വര് സ്ഥിതിചെയ്യുന്നത്. പടിക്കെട്ടുകള്‍, ക്ഷേത്രങ്ങള്‍,കോട്ടകള്‍ എന്നിവകളാല്‍ സമ്പന്നമാണ് മഹേശ്വര്. മഹിഷ്മാന്‍ എന്ന രാജാവാണ് മഹേശ്വര് പണികഴിപ്പിച്ചത്. പുരാതനകാലത്ത് മഹിഷ്മതി എന്ന പേരു ലഭിക്കാന്‍ കാരണമായതും ഇതായിരിക്കുമെന്നു ചരിത്രകാരന്മാര് പറയുന്നു. അവന്തിയുടെ രണ്ടു ശക്തികേന്ദ്രങ്ങളായിരുന്നു ഉജ്ജൈനിയും മഹിഷ്മതിയും. ഉജ്ജൈനി അവന്തിയുടെ വടക്കും മഹിഷ്മതി തെക്കു ഭാഗത്തുമായാണ് സ്ഥിതി ചെയ്തിരുന്നത്.
മഹാഭാരതത്തിലും മഹിഷ്മതിയെപ്പറ്റി പരാമര്‍ശമുണ്ട്. അനുശാസന പര്‍വത്തിലാണ് മഹിഷ്മതിയെപ്പറ്റി പറയുന്നത്.ഹേഹയ വംശത്തില്‍ പിറന്നവനും ആയിരം കൈകളുള്ളവനുമായ കാര്‍ത്തവീരാര്‍ജുനന്‍ മഹിഷ്മതിയില്‍ നിന്നും വന്ന് ലോകത്തെ കീഴടക്കിയ വീരനാണെന്നാണ് മഹാഭാരതത്തിലെ പരാമര്‍ശം.മറ്റൊരു പൗരാണിക ഗ്രന്ഥമായ ഹരിവംശത്തിലും മഹിഷ്മതിയെപ്പറ്റി പറയുന്നുണ്ട്. സംജ്ഞാ വംശത്തിലെ മഹിഷ്മത് എന്ന രാജാവ് സ്ഥാപിച്ചതാണ് മഹിഷ്മതി എന്നാണ് ഇതിലെ പരാമര്‍ശം. മുചുകുന്ദന് എന്ന രാജാവാണ് മഹിഷ്മതി സ്ഥാപിച്ചതെന്ന വാദവുമുണ്ട്. ഹിസ്റ്ററി ആന്‍ഡ് ജോഗ്രഫി ഓഫ് മധ്യപ്രദേശ് എന്ന ഗ്രന്ഥം രചിച്ച പി.കെ ഭട്ടാചാര്യ മഹിഷ്മതിയെക്കുറിച്ച് പറയുന്നതിങ്ങനെ.” കാളിദാസന്റെ രഘുവംശത്തില്‍ അനുപ എന്നറിയപ്പെട്ടിരുന്നത് മഹിഷ്മതിയായിരുന്നു. അനുപ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന രേവ ഇത് സാധൂകരിക്കുന്നതാണ്”. മഹിഷ്മതി നര്‍മദയുടെ തീരത്തല്ലെന്നാണ് മറ്റു ചിലര്‍ പറയുന്നത്. ഹരിവംശത്തിലെ തന്നെ മറ്റൊരു ഭാഗത്ത് മഹിഷ്മതി സ്ഥാപിച്ചത് മുചുകുന്ദനാണെന്നു പറയുന്നുണ്ട്. പാറകള്‍ നിറഞ്ഞ ഒരു ദ്വീപായിരുന്നു ഇതെന്നും ശിവനെ ഓംകാരനാഥനായി ആരാധിക്കുന്ന ആളുകള്‍ ജീവിച്ചിരുന്ന മാന്ദതാ എന്ന ഗ്രാമം ഇവിടെയായിരുന്നുവെന്നും പറയപ്പെടുന്നു.
മറ്റു ചില ഗ്രന്ഥങ്ങളില്‍ നീലന് എന്ന രാജാവാണ് മഹിഷ്മതി ഭരിച്ചിരുന്നതെന്നു പറയപ്പെടുന്നു. നീലന്റെ മകളുമായി പ്രണയത്തിലായ അഗ്നിദേവന് രാജകുമാരിയെ വിവാഹം കഴിക്കാനായി ഒരു ബ്രാഹ്മണന്റെ വേഷത്തില്‍ കൊട്ടാരത്തിലെത്തി. എന്നാല്‍ ഈ വിവാഹത്തെ എതിര്‍ത്ത രാജാവ് ബ്രാഹ്മണനെ ശിക്ഷിക്കാന്‍ ആജ്ഞാപിപ്പോള് അഗ്നിദേവന് തന്റെ യഥാര്‍ഥ വ്യക്തിത്വം വെളിപ്പെടുത്തി. ഇതോടെ രാജാവ് ശിക്ഷാനടപടികളില്‍ നിന്നും പിന്‍വാങ്ങിയ രാജാവ് മകളെ അഗ്നിദേവനു വിവാഹം ചെയ്തു കൊടുക്കുകയും ലോകമുള്ളിടത്തോളം കാലം മഹിഷ്മതിയെ രക്ഷിക്കണമെന്ന് അഗ്നിദേവനോട് അപേക്ഷിക്കുകയും ചെയ്തതായാണ് കഥ.
രാക്ഷസ രാജാവായ രാവണനുമായി ബന്ധപ്പെട്ടും മഹിഷ്മതിയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. രാവണന് മഹിഷ്മതിയെ ആക്രമിക്കാനെത്തുന്നതറിഞ്ഞ് അവിടുത്തെ രാജാവായ സഹസ്രബാഹു(കാര്‍ത്തവീരാര്‍ജുനന്‍) തന്റെ ആയിരം കൈകള്‍ കൊണ്ട് നര്‍മദാ നദിയില്‍ ചിറകെട്ടിയെന്നും ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് നദിയില്‍ മുങ്ങിപ്പോയ രാവണന് പരാജിതനായി മടങ്ങിയെന്നുമാണ് കഥ. ആധുനിക കാലത്ത് ചരിത്രകാരന്മാര് പലസ്ഥലങ്ങള്‍ മഹിഷ്മതിയായി ചൂണ്ടിക്കാണിക്കുണ്ട്. മഹേശ്വര്,മാണ്ട്ല തുടങ്ങി മൈസൂര്‍വരെ ഇക്കൂട്ടത്തിലുണ്ട്.എന്നാല്‍ ബുദ്ധമത ഗ്രന്ഥങ്ങളില്‍ പറയുന്നത് മഹിഷ്മതി അവന്തിയിലാണെന്നാണ്. 11,12 നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ചില രാജാക്കന്മാരുടെ ജന്മസ്ഥലമായി ചൂണ്ടിക്കാട്ടുന്നത് മഹിഷ്മതിയെയാണ്. 13-ാം നൂറ്റാണ്ടിലെ ചില ശിലാശാസനങ്ങളിലാണ് ഈ വിവരമുള്ളത് എന്തായാലും മഹിഷ്മതി ഒരു സാങ്കല്പിക രാജ്യമല്ലെന്നുള്ളത് ബാഹുബലിയുടെ ആരാധകരെ ആവേശം കൊള്ളിക്കുമെന്നു തീര്‍ച്ച.