കണ്ണൂർ: മദ്യപിച്ച് മാഹിയിൽനിന്ന് ട്രെയിനിൽ കയറുന്നവരെ നിരീക്ഷിക്കാൻ റെയിൽവേ പോലീസിന്റെയും ആർപിഎഫിന്റെയും പ്രത്യേക സംഘം.
ട്രെയിനിൽ മദ്യപിച്ചുകയറി യാത്രക്കാർക്കു ശല്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയാൽ കർശന നടപടിയെടുക്കാനാണ് റെയിൽവേ പോലീസിന്റെ തീരുമാനം. ഇന്നലെ കോഴിക്കോട്-കണ്ണൂർ പാസഞ്ചറിൽ യാത്ര ചെയ്ത മാതൃഭൂമി ജീവനക്കാരൻ കെ.എം. രാധാകൃഷ്ണനെ ട്രെയിനിൽ വച്ച് രണ്ടംഗ സംഘം ആക്രമിച്ചിരുന്നു.
ഉച്ചകഴിഞ്ഞ് 3.25 ഓടെ തലശേരിക്കും ധർമടം സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. രാധാകൃഷ്ണന്റെ ഫോൺ വലിച്ചെറിയുകയും പേഴ്സ് ഇവർ കവരുകയും ചെയ്തു. ധർമടം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ഇവർ ഓടി രക്ഷപ്പെടുകയും ചെയ്തു.
റെയിൽവേ എസ്ഐ സുരേന്ദ്രൻ കല്യാടന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെകുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.