പൊതുസ്ഥലങ്ങളിൽ വച്ച് സിനിമാ താരങ്ങളോ സെലിബ്രിറ്റികളോ ആയ സ്ത്രീകളെ അടുത്തുകിട്ടിയാൽ കിട്ടുന്ന സമയം കൊണ്ട് തോണ്ടുകയോ പിടിക്കുകയോ ചെയ്യുന്നത് ചിലർക്കൊരു അസുഖം പോലെയാണ്. ഇത്തരത്തിൽ തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് അപരിചിതനിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച് മലയാളി പ്രേക്ഷകർക്കും പരിചിതയായ ബോളിവുഡ് നടി മഹി വിജ്.
മുംബൈയിലെ നൈറ്റ്ക്ലബ്ബിൽ വെച്ചാണ് നടിക്ക് ഈ ദുരനുഭവം ഉണ്ടായത്. മഹി വിജിന്റെ ഭർത്താവും നടനുമായ ജെയ് ബാനുശാലിക്കും മറ്റൊരു സുഹൃത്തിനുമൊപ്പമാണ് ഇവർ നൈറ്റ് ക്ലബിലെത്തിയത്. പാർട്ടിക്കിടെ മഹിവിജ് ശുചിമുറിയിൽ കയറി. അകത്ത് അപരിചിതനായ ഒരാൾ കൂടിയുണ്ടായിരുന്നു. അപ്രതീക്ഷിതമായി ഇയാൾ നടിയെ കയറിപ്പിടിച്ച് ആക്രമിക്കാൻ ശ്രമിച്ചു.
പൊടുന്നനെ ഉണ്ടായ ആക്രമണത്തിൽ ആദ്യം നടി ഭയന്നുവെങ്കിലും ഉടനെ തന്നെ മനോധൈര്യം വീണ്ടെടുത്തു. കയറിപ്പിടിച്ചവന്റെ കരണം പുകച്ച് രണ്ടെണ്ണം കൊടുത്തു മഹി വിജ്. എന്നാൽ തല്ല് കിട്ടിയിട്ടും അയാൾ പിന്മാറാനുള്ള ലക്ഷണം ഇല്ലായിരുന്നുവെന്നും യാതൊരു ഭാവമാറ്റവും ഉണ്ടായില്ലെന്നും നടി പറയുന്നു. രക്ഷപ്പെടാൻ മഹി വിജ് ഒച്ച വച്ചു. നടിയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടി. പക്ഷേ അപ്പോഴേക്കും അക്രമി ഓടിരക്ഷപ്പെട്ടിരുന്നു.