ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ വിമർശിച്ചു സംസാരിക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കി ബിജെപി പിന്തുണയുള്ള ട്രോൾ ആർമി കടന്നാക്രമിക്കുകയാണെന്ന് തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയ്ത്ര. യുഎപിഎ ഭേദഗതി നിയമ ബില്ലിൻമേലുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മഹുവ.
കേന്ദ്ര സർക്കാരിനെ എതിർക്കുന്നവരെ രാജ്യവിരുദ്ധരായി ചിത്രീകരിക്കുകയാണ്. കേന്ദ്രം ആരെയെങ്കിലും ലക്ഷ്യമിട്ടിട്ടുണ്ടെങ്കിൽ അവരെ രാജ്യവിരുദ്ധരായി മുദ്രകുത്താൻ ട്രോൾ ആർമികളും മറ്റും വരുന്നുവെന്നും മഹുവ പറഞ്ഞു. എന്നാൽ, ട്രോൾ ആർമി എന്ന പ്രയോഗത്തിനെതിരേ ഭരണപക്ഷ നിരയിൽ നിന്നു പ്രതിഷേധം ഉയർന്നു.
എസ്.എസ് അലുവാലിയയും മന്ത്രി അർജുൻ രാം മേഘ് വാളും മഹുവയുടെ വാക്കുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് എഴുന്നേറ്റു നിന്നു. ഈ സമയം ബിജെപി എംപി മീനാക്ഷി ലേഖി ആയിരുന്നു സ്പീക്കറുടെ കസേരയിൽ ഉണ്ടായിരുന്നത്. സർക്കാർ ഒരിക്കലും ആരെയും രാജ്യദ്രോഹി എന്നു വിളിച്ചിട്ടില്ലെന്നും പ്രയോഗം പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
എന്നാൽ, തന്റെ വാക്കുകളിൽ ഉറച്ചു നിൽക്കുന്നതായി പറഞ്ഞ മഹുവ വീണ്ടും സംസാരിച്ചു തുടങ്ങിയപ്പോൾ ബിജെപി എംപിമാർ ബഹളമുണ്ടാക്കി. മഹുവയെ പിന്തുണച്ച് പ്രതിപക്ഷ നിരയിൽ നിന്ന് കോണ്ഗ്രസ് എംപിമാർ അടക്കം എഴുന്നേറ്റു നിന്നെങ്കിലും താൻ ഒറ്റയ്ക്ക് പൊരുതിക്കോളാം എന്നായിരുന്നു അവരുടെ മറുപടി.
തന്നെ നേരിടാൻ ഭരണപക്ഷത്തുനിന്ന് മൂന്ന് മന്ത്രിമാരാണ് എഴുന്നേറ്റ് നിൽക്കുന്നതെന്ന് പറഞ്ഞ് മഹുവ സംസാരം തുടരവേ അമിത്ഷാ സഭയിലേക്ക് കടന്നു വന്നു. അതോടെ കേന്ദ്രത്തിനെതിരേയുള്ള ആക്രമണം കടുപ്പിച്ചായി മഹുവയുടെ സംസാരം. അതോടെ സഭയുടെ നിയന്ത്രണം സ്പീക്കർ ഓം ബിർള ഓടിവന്ന് ഏറ്റെടുത്തു.
കേന്ദ്രം ആരെയങ്കിലും ലക്ഷ്യംവച്ചാൽ അവരെ വേട്ടയാടാൻ ചില നിയമങ്ങളുടെ സഹായവും ലഭിക്കുന്നു. പ്രതിപക്ഷ നേതാക്കൾ, ന്യൂനപക്ഷങ്ങൾ, ആക്ടിവിസ്റ്റുകൾ എന്നിങ്ങനെ സർക്കാരിനെ വിമർശിക്കുന്ന എല്ലാവർക്കും മീതെ രാജ്യവിരുദ്ധ പട്ടം പതിച്ചു കൊടുക്കുകയാണ്. രാജ്യസുരക്ഷയുമായും നയങ്ങളുമായും ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന നടപടികളെ എതിർക്കുന്പോൾ എന്തുകൊണ്ടാണ് പ്രതിപക്ഷത്തെ രാജ്യവിരുദ്ധരെന്നു മുദ്ര കുത്തുന്നതെന്നും എംപി ചോദിച്ചു.
യുഎപിഎ ഭേദഗതി ബില്ലിനെ തന്റെ പാർട്ടി ശക്തമായി എതിർക്കുന്നു. ഒരു വിചാരണയുമില്ലാതെ വ്യക്തികളെ ഭീകരവാദികളായി മുദ്രകുത്തുന്ന വകുപ്പുകളാണതിൽ. സംസ്ഥാനങ്ങളുടെ അധികാരം എടുത്തുകളയുന്നതാണ് പുതിയ ഭേദഗതി. ബിൽ ഭരണഘടന വിരുദ്ധവും ജനാധിപത്യ വിരുദ്ധമാണെന്നും അവർ ആരോപിച്ചു.