സോഷ്യല്‍ മീഡിയകളുടെ ലോകത്തിലേക്ക് അനുദിനം ചുരുങ്ങുകയാണ് ലോകമൊന്നാകെ. കണ്ണിനുമുന്നില്‍ ആകര്‍ഷകമായി തോന്നുന്നതെന്തും കണ്ണില്‍ പതിയുന്നതിനും മുമ്പേ കാമറയില്‍ പതിപ്പിക്കണം എന്ന ചിന്തയാണ് കൊച്ചുപിച്ചടക്കം ഇന്ന് എല്ലാവര്‍ക്കുമുള്ളത്. ഇത്തരത്തില്‍ ലൈവായി ഫോണിലോ കാമറയിലോ പകര്‍ത്തുന്നത് അപ്പോള്‍ത്തന്നെ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത് ലൈക്കുകളും കമന്റുകളും വാരിക്കൂട്ടുക എന്നതും ഇക്കൂട്ടരുടെ ലക്ഷ്യമാണ്.
കണ്‍മുന്നില്‍ കാണുന്നത് മരണമാണെങ്കില്‍പ്പോലും അതും അപ്പോള്‍ത്തന്നെ പകര്‍ത്തി വൈറലാക്കും. ഇത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴാന്‍ തുടങ്ങുന്ന വേലക്കാരി രക്ഷയ്ക്കുവേണ്ടി നിലവിളിക്കുമ്പോള്‍ തമാശ പറഞ്ഞ് ചിരിച്ചുകൊണ്ട് ആ രംഗം വീഡിയോയില്‍ പകര്‍ത്തുന്ന വീട്ടുടമയായ സ്ത്രീയുടെ ക്രൂരതയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.
വേലക്കാരിയുടെ ആത്മഹത്യയില്‍ തനിക്കും വീട്ടുകാര്‍ക്കും പങ്കില്ലെന്ന് തെളിയിക്കാനാണ് താന്‍ അവള്‍ ആത്മഹത്യ ചെയ്യുന്നതിന്റെ വീഡിയോ പകര്‍ത്തിയതെന്നാണ് വീട്ടുടമസ്ഥ പോലീസിനോട് പറഞ്ഞത്. എന്നാല്‍ താന്‍ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്നും വീട്ടുടമസ്ഥയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബാല്‍ക്കണിയില്‍ നിന്ന് അറിയാതെ വീണതാണെന്നുമാണ് വേലക്കാരി പറഞ്ഞത്. വധശ്രമത്തിന് വീട്ടുടമസ്ഥയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. മരിക്കാന്‍ തുടങ്ങിയപ്പോള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കാത്തതിനും ആ സമയത്ത് വീഡിയോ എടുത്തതിനുമാണ് കേസെടുത്തത്. 12 സെക്കന്റുള്ള വീഡിയോയാണ് ഇവര്‍ എടുത്തത്.
https://youtu.be/JeMbYB9wOag