അഞ്ജലി അനിൽകുമാർ
തിരുവനന്തപുരം: എനിക്കറിയാമായിരുന്നു. നൂറിൽ നൂറും കിട്ടുമെന്ന് മൈഥിലി അമ്മ പറഞ്ഞു. തൊണ്ണൂറാം വയസിലും അമ്മയുടെ കണ്ണുകളിൽ നിറയുന്ന ആത്മവിശ്വാസമാണ് ഉത്തരക്കടലാസിൽ കണ്ട നൂറിൽ നൂറ് മാർക്ക്.സാക്ഷരതാമിഷൻ നടത്തിയ മികവുത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനുള്ള സർട്ടിഫിക്കറ്റ് വിദ്യാഭ്യാസ മന്ത്രിയിൽ നിന്നു വാങ്ങാനാണ് കോഴിക്കോടു ജില്ലയിലെ വടകര സ്വദേശിനിയായ വി. മൈഥിലി തിരുവനന്തപുരത്ത് എത്തിയത്.
ഒപ്പം മരുമക്കളായ അഞ്ജനയും പ്രിയയും ഉണ്ടായിരുന്നു. എപ്പോഴും ജോലി ചെയ്യുന്നത് അമ്മയുടെ ശീലമായിരുന്നുവെന്ന് പ്രിയ പറയുന്നു. വെള്ളത്തിൽ കളിക്കാൻ വലിയ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ തുണിയും പാത്രവും ഒക്കെ കഴുകാനാണ് താത്പര്യം.
പക്ഷേ ഇപ്പോൾ മുഴുവൻ സമയവും അമ്മ പുസ്തം വായിച്ചും എഴുതിയും ഇരിക്കും. കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിവരുന്ന അക്ഷരസാഗരം എന്ന തീരദേശ സാക്ഷരതാ പദ്ധതിയിലൂടെയാണ് മൈഥിലി അമ്മയെതേടി അക്ഷരവെളിച്ചം കടന്നു വന്നത്. കൊച്ചുമക്കളുടെ മക്കൾക്കൊപ്പമിരുന്നാണ് ഈ അമ്മ അക്ഷരങ്ങൾ പഠിച്ചത്.
പ്രായത്തിന്റേതായ കുറച്ച് വിറയൽ കൈക്കുണ്ടെങ്കിലും മൈഥിലി അമ്മയുടെ കൈയക്ഷരം എല്ലാവർക്കും വായിച്ചെടുക്കാം. അമ്മയുടെ പഠന രീതികൾ വളരെ രസകരമാണെന്ന് അധ്യാപിക കൂടിയായ ഓമന പറയുന്നു. രാവിലെ നാലിന് എഴുന്നേറ്റ് തലേദിവസം പഠിച്ച പാഠം ഒന്നു കൂടി നോക്കിയാണ് അമ്മയുടെ ഒരു ദിവസം ആരംഭിക്കുന്നത്.
പഠിക്കുന്ന കാര്യത്തിൽ കുട്ടികൾക്കൊപ്പമാണ് ഉത്സാഹവും താത്പര്യവും. ഓരോ പരീക്ഷയും ജയിച്ചു വരുന്പോൾ എന്തു വേണം സമ്മാനം എന്നു ചോദിച്ചാൽ അതിനും മൈഥിലി അമ്മയുടെ കൈയിൽ ഉത്തരം റെഡിയാണ്- ഐസ്ക്രീമും സിപ്അപ്പും മതി.