പത്തനംതിട്ട: കടമ്മനിട്ട കുടിലുകുഴി കാരുമല മേലേടത്ത് വിനോദ് കുമാറിന്റെ മകളും കടമ്മനിട്ട ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ മൈഥിലി വിനോദ് (17) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച്ച അച്ഛനു അമ്മയും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് മരണം സംഭവിച്ചത്. സ്കൂൾ വിട്ട് വീട്ടിൽ വീട്ടിൽ എത്തിയ ഇളയ സഹോദരിയാണ് മൈഥിലി തുണിയിൽ തൂങ്ങി നില്ക്കുന്നത് കണ്ടത്. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് സംസ്കരിച്ചു.
ഇരു കാലുകളും നിലത്തു മുട്ടിയ നിലയിലാണ് മൃതദേഹം കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. സ്കൂൾ വിട്ട് വീട്ടിൽ എത്തിയാലുടൻ വസ്ത്രം മാറുന്ന മൈഥിലി സ്കൂൾ യൂണിഫോമിലാണ് മരിച്ചു കിടന്നത്.
പുസ്തകങ്ങൾ വാരിവലിച്ച നിലയിലായിരുന്നു കിടന്നിരുന്നത്. പഠനത്തിൽ മികവു പുലർത്തിയിരുന്ന മൈഥിലിയ്ക്ക് സ്കൂളിലോ വീട്ടിലോ ആത്മഹത്യക്കുള്ള സാഹചര്യം ഇല്ലാതിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
കഴുത്തിൽ ചുറ്റിയിരുന്ന തുണി മേൽക്കൂരയിലെ പട്ടികയിൽ ഉടക്കി ഇട്ടിരിക്കുകയായിരുന്നു. ശരീരത്തിൽ മുറിവുകളും, വസ്ത്രത്തിൽ ചെളിയും പുരണ്ടിട്ടുള്ളതിനാൽ മരണത്തിൽ ദുരൂഹത ഉള്ളതായി പോലീസ് പറയുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുവെന്ന് ആറൻമുള സിഐ ബി. അനിൽ പറഞ്ഞു.