പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരി പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയുടെ (73) കൊലപാതകം സംബന്ധിച്ച അന്വേഷണം വിപുലീകരിക്കും. ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രതികളെ സംബന്ധിച്ചു കാര്യമായ സൂചനയില്ല.
പലരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവെങ്കിലും തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇവരെ വിട്ടയ്ക്കുകയാണ് ഉണ്ടായത്. പറക്കോടുനിന്ന് കസ്റ്റഡിയിലെടുത്ത സംഘത്തിനു സംഭവവുമായി ബന്ധമുണ്ടാകാമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്.
എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്ന സൂചനയാണ് ലഭിച്ചത്.കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കൊലപാതകം നടന്നത്. ജോര്‍ജിന്റെ കഴുത്തില്‍ കിടന്ന ഒമ്പത് പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു.
കടയില്‍നിന്നു പണവും നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. മോഷണം ലക്ഷ്യമാക്കിയുള്ള കൊലപാതകമാണെന്നു തന്നെയാണ് പോലീസ് നിഗമനവും.
മോഷണശ്രമം തടഞ്ഞ ജോര്‍ജിനെ കെട്ടിയിട്ടും വായില്‍ തുണി തിരുകിയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് സൂചനകള്‍. വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നല്ലരീതിയില്‍ മുന്നേറുന്നുവെന്നാണ് ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ വിശദീകരണം.