പത്തനംതിട്ട; മൈലപ്രയിലെ വ്യാപാരി ജോര്‍ജ് ഉണ്ണൂണ്ണി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രാഥമിക നിഗമനം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൈലപ്ര പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ഇദ്ദേഹം നടത്തിവന്ന പുതുവേലില്‍ സ്റ്റോഴ്സ് എന്ന വ്യാപാര സ്ഥാപനത്തിലെത്തിയ മോഷണസംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സംശയം.
കടയില്‍ ജോര്‍ജ് ഉണ്ണൂണ്ണി മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈകിട്ട് ആറിനാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. മോഷണം ലക്ഷ്യമാക്കി എത്തിയ സംഘം ജോര്‍ജിന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല ലക്ഷ്യമിട്ടു.
ഇതോടൊപ്പം കടയില്‍ നിന്നു പണം അപഹരിക്കാനും ശ്രമിച്ചു. ഇതു തടയുന്നതിനിടെയാണ് കൊലപാതകമെന്നാണ് നിഗമനം. വായില്‍ തുണി തിരുകിക്കയറ്റിയും കയറുകൊണ്ട് കൈകാലുകള്‍ കെട്ടിയും കഴുത്ത് ഞെരിച്ചുമാണ് കൊലപാതകം. ഒമ്പത് പവന് സ്വര്‍ണമാലയും പണവും നഷ്ടപ്പെട്ടിട്ടുണ്ട്.
കടയ്ക്കുള്ളിലും മൃതദേഹത്തിലും നിന്ന് ലഭിച്ച് സൂചനകള്‍ പ്രകാരം ഒന്നിലധികം പേര് ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
മോഷ്ടാക്കളുടെ ബലപ്രയോഗത്തില്‍ ജോര്‍ജ് ഉണ്ണൂണ്ണി അബദ്ധത്തില്‍ കൊല്ലപ്പെട്ടതോ മനഃപൂര്‍വം കൊന്നതോ ആകാമെന്നാണ് പോലീസ് കരുതുന്നത്. ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ കൂടി വന്നെങ്കില്‍ മാത്രമേ ഇക്കാര്യം ഉറപ്പിക്കാന്‍ കഴിയൂ.