കണ്ണൂർ: കൊൽക്കത്ത ഇന്ത്യൻ മൈം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഒന്‍പതാമത് നാഷണൽ മൈം തിയറ്റർ ഫെസ്റ്റ് -2017 ൽ ഉമേഷ് കല്യാശേരി ഒരുക്കുന്ന മൈം അരങ്ങേറും. ഈ മാസം 25 മുതൽ 28വരെ നടക്കുന്ന മൈം തിയറ്റർ ഫെസ്റ്റിൽ അവതരണം നടത്താനുള്ള അവസരം ലഭിച്ച കേരളത്തിൽ നിന്നുള്ള ഏകവ്യക്തിയാണ് ഉമേഷ്. ഇന്ത്യൻ ക്ലാസിക്കുകളുടെ സമന്വയം എന്ന വിഷയത്തെ ആസ്പദമാക്കി 20ഓളം കലാകാരൻമാരെ ഉൾപ്പെടുത്തികൊണ്ടുള്ള 20 മിനിറ്റ് ദൈർഘ്യമുള്ള മൈമാണ് അവതരിപ്പിക്കുക.
കഥകളി, ഓട്ടൻതുള്ളൽ, തെയ്യം തുടങ്ങി വടക്കേയിന്ത്യൻ കലകളെ കൂടി ഉൾപ്പെടുത്തിയുള്ള മൈം ആണ് അവതരിപ്പിക്കുക എന്ന് ഉമേഷ് പറഞ്ഞു. നാടകം, മൈം എന്നീ കലകളിൽ തന്റേതായ കഴിവു തെളിയിച്ച ഉമേഷ് തനിക്കു ലഭിച്ച അവസരം മികച്ചതാക്കാനുള്ള ശ്രമത്തിലാണിപ്പോൾ. തുടർച്ചയായി പത്തു വർഷം കണ്ണൂർ സർവകലാശാല കലോത്സവത്തിൽ മൈം മത്സരത്തിൽ ഒന്നാം സ്ഥാനം ഉമേഷ് പരിശീലനം നൽകിയ ടീമിനായിരുന്നു.