മുംബൈ: തെരഞ്ഞെടുപ്പിന് മത്സരിക്കാൻ സീറ്റ് തരപ്പെടുത്തുന്നതു തന്നെ ഏറെ പണിപ്പെട്ടാണ്. ചിലർ പണം വാരിയെറിഞ്ഞ് സീറ്റ് സ്വന്തമാക്കും. മറ്റു ചിലർ പാർട്ടിമാറി സീറ്റ് സംഘടിപ്പിക്കും. ഇനി സ്വന്തമാക്കുന്ന സീറ്റിൽ മത്സരിക്കാൻ കഴിഞ്ഞില്ലെന്നുവന്നാലോ. ലൊട്ടുലൊടുക്ക് സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ നമനിർദേശക പത്രിക തള്ളിപ്പോയാൽ മത്സരിക്കുന്നതിനു മുമ്പുതന്നെ പരാജയപ്പെടേണ്ടിവരും.
ഇതിനൊരു മറുവഴി കണ്ടെത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലെ ബിജെപി സ്ഥാനാർഥി. തന്റെ നാമനിർദേശക പത്രിക തള്ളിപ്പോയാലും കുടുംബത്തിൽനിന്നു തന്നെയാവട്ടെ സ്ഥാനാർഥിയെന്നാണ് കക്ഷിയുടെ ഒരുലൈൻ. ഇതോടെ ബിജെപി നേതാവ് സുജവ് വൈഖെ പാട്ടീല്‍ ഭാര്യ ധനശ്രീയെയും മണ്ഡലത്തില്‍ സ്ഥാനാർഥിയാക്കി. മുൻകരുതൽ നടപടിയെന്നാണ് ഇതിനെ പാർട്ടിയുടെ അഹമ്മദ്നഗർ നേതാക്കൾ വിശേഷിപ്പിക്കുന്നത്. സീറ്റ് ലഭിക്കാൻ കഴിഞ്ഞ മാസം കോൺഗ്രസിൽനിന്നും മറുകണ്ടം ചാടിയ നേതാവാണ് വൈഖ പാട്ടീൽ.
മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് രാധാ കൃഷ്ണ വൈഖെ പാട്ടീലിന്റെ മകനാണ്. സഖ്യകക്ഷിയായ എൻസിപി അഹമ്മദ്നഗര്‍ കോൺഗ്രസിനു നൽകിയിരുന്നില്ല. ഇതോടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന വൈഖ അഹമ്മദ്നഗര്‍ സീറ്റ് സ്വന്തമാക്കി.