കെ.വൈ സുനറ്റ്
പത്തനാപുരം : ചലച്ചിത്ര ലോകത്തു നിന്നകന്ന് ഗാന്ധിഭവനിലെ അന്തേവാസിയായി കഴിയുന്ന നടന് ടി.പി മാധവന് വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നു. 500-ലധികം ചലച്ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹം ശാരീരിക അവശതകളെ തുടർന്ന് കഴിഞ്ഞ നാല് വർഷമായി അഭിനയത്തോട് വിട പറഞ്ഞിരിക്കുകയായിരുന്നു. മൂന്നു വർഷമായി അദ്ദേഹം ഗാന്ധിഭവനിലെ അന്തേവാസിയാണ്.
രോഗങ്ങളും,വാര്‍ധക്യവും വലച്ചതിനെതുടര്‍ന്നാണ് പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളിലൊരുവനായി ടി.പി മാധവൻ മാറിയത്. സംവിധായകനായ മോഹൻ കുപ്ലേരിയുടെ സുമംഗലി എന്ന സീരിയലിലാണ് അദ്ദേഹം വേഷമിടുന്നത്. കൂടാതെ രണ്ട് സിനിമകളിലേക്കും അവസരം ലഭിച്ചട്ടുണ്ട്.
ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ടി .പി മാധവൻ രാഷ്ട്രദീപികയോട് പറഞ്ഞു. 2015 ഒക്ടോബര്‍ 23ന് ഹരിദ്വാര്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ അദ്ദേഹം കുഴഞ്ഞുവീണിരുന്നു. ശിഷ്ടകാലം ഹരിദ്വാറില്‍ കഴിയണമെന്നാഗ്രഹിച്ചാണ് അങ്ങോട്ട് പോയത്. എന്നാല്‍ പിന്നീട് ഗാന്ധിഭവനില്‍ അന്തേവാസിയായി എത്തുകയായിരുന്നു.
കേരള സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥനായിരുന്ന എന്‍.പി.പിള്ളയുടെയും സരസ്വതി അമ്മയുടെയും മകനായി തിരുവനന്തപുരത്താണ് ടി.പി.മാധവന് ജനിച്ചത്. 1960ല്‍ മുംബൈയില്‍ ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചു.
അതിനുശേഷം ബെംഗളൂരുവില്‍ പരസ്യ കമ്പനിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സിനിമയില്‍ അവസരം ലഭിച്ചത്. സന്ദേശം,വിയറ്റ്നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമന്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം,നരംസിംഹം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. ചെറിയ വേഷങ്ങള്‍ മാത്രം അവതരിപ്പിച്ചു കൊണ്ട് 40 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ തിളങ്ങി നിന്ന അപൂര്‍വം നടന്മാരില് ഒരാളാണ് ടി.പി മാധവന്.