കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച് വീഴ്ത്തിയതിന് പിന്നാലെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായി പോലീസ് ഉടൻ തന്നെ കസ്റ്റഡി അപേക്ഷ നൽകും. ഇവരെ കസ്റ്റഡിയിൽ വാങ്ങി അപകട സ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അജ്മലിനെയും ഡോക്ടർ ശ്രീകുട്ടിയെയും 14 ദിവസത്തേക്ക് ശാസ്താംകോട്ട കോടതി റിമാൻഡ് ചെയ്തിരുന്നു.
കേസിൽ അജ്മലിനും ശ്രീകുട്ടിക്കുമെതിരേ മനപൂർവമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാർ ഓടിച്ചത് അജ്മലാണെങ്കിലും കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കാൻ ശ്രീക്കുട്ടി പ്രേരിപ്പിച്ചെന്നാണ് ദൃസാക്ഷികൾ പറയുന്നത്. അപകടത്തിന് പിന്നാലെ ഒളിവിൽപോയ അജ്മലിനെ പതാരത്ത് നിന്നാണ് പോലീസ് പിടികൂടിയത്.
കേസിൽ അകപ്പെട്ടതോടെ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. അതിനിടെ അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പോലീസിന് ലഭിച്ചു. പോലീസിന് നല്കിയ മൊഴിയിൽ, നാട്ടുകാർ ആക്രമിക്കുമെന്ന് ഭയന്നാണ് വാഹനം മുന്നോട്ടെടുത്തതെന്ന് ഇവര്‍ പറഞ്ഞു.
അമിതവേഗത്തിൽ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഫൗസിയ വ്യക്തമാക്കി. അപകടത്തെ തുടർന്ന് റോഡിലേക്ക് വീണ കുഞ്ഞുമോൾ എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ കാർ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞുമോൾ ഇന്നലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.