ഭോപ്പാൽ: ബന്ധുക്കളായ ആൺകുട്ടികളോട് സംസാരിച്ചതിന് അർധസഹോദരിമാരായ പെൺകുട്ടികൾക്ക് ക്രൂരമർദനം.
മധ്യപ്രദേശിലെ ധാർ ജില്ലയിലെ പീപാൽപ ഗ്രാമത്തിൽ കഴിഞ്ഞമാസമാണ് സംഭവം. പെൺകുട്ടികളുടെ കുടുംബാംഗങ്ങൾ തന്നെയാണ് ഇവരെ മർദിച്ചത്.
ബന്ധുവിന്റെ ആൺമക്കളോട് സംസാരിച്ചതിനാണ് ഗോത്ര വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ പരസ്യമായി നാട്ടുകാരുടെ മുൻപിലിട്ട് അടിക്കുകയും തൊഴിക്കുകയും മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്തത്. വടിയും കല്ലും ഉപയോഗിച്ച് ഇവരെ മർദിച്ചു.
എല്ലാവരും കാഴ്ചക്കാരായി നിന്നതല്ലാതെ ആരും ഇവരെ രക്ഷിക്കാൻ മുതിർന്നില്ല. മർദനമേറ്റ് തളർന്ന ഒരു പെൺകുട്ടി ബോധംനഷ്ടപ്പട്ട് വീഴുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
മർദനമേറ്റവർക്ക് പരാതി നൽകാൻ ആദ്യം ഭയമായിരുന്നു. പിന്നീട് ഇവരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നാണ് മൊഴിയെടുത്തതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.