മയ്യില്‍: ലോക്ക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ വാഹനങ്ങളുടെ ടയർ അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്ത് മാതൃകയാകുകയാണ് മയ്യിൽ എസ്ബിടി ക്ക് സമീപത്തെ മൈത്രി ടയേർസ് ഉടമ ജയൻ. വിശ്വാസത്തിൽ തേയ്മാനമില്ലാതെ എന്നത് ജയന്റെ കടയുടെ ബോർഡിലെ വാചകം മാത്രമല്ല എന്ന് ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഉത്തമ ബോധ്യമുണ്ട്.
25 കൊല്ലമായി ടയർ വർക്സ് നടത്തുന്ന ജയനെ അറിയാത്തവർ വിരളമാണ്. പോലീസ്, മോട്ടോർ വാഹനവകുപ്പ്, ആരോഗ്യവകുപ്പ് തുടങ്ങി ഇവിടെയെത്തുന്ന സർക്കാർ വാഹനങ്ങൾക്ക് സേവനം സൗജന്യമാണ്.
ഏതാനും വർഷം മുമ്പ് പഴയങ്ങാടിയിലെ കടയിൽ ജോലി ചെയ്യുന്നതിനിടെ ഹർത്താൽ ദിവസം ബുദ്ധിമുട്ടിയ പോലീസ് ജീപ്പിന് സ്വന്തം ടയർ നൽകിയപ്പോൾ പോലീസ് അത് നിരസിച്ചു.
യാഥാർഥ്യം മനസിലാക്കിയ ജയൻ പോലീസിന് നൽകിയ സേവനത്തിൽ നിന്നുമാണ് സർക്കാരിന്റെ അവശ്യ സർവീസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണി സൗജന്യമാക്കിയതെന്ന് ജയൻ രാഷ്ട്രദീപികയോട് പറഞ്ഞു.
സൗജന്യ സേവന വിവരം അറിഞ്ഞ് ജയിംസ് മാത്യു എംഎൽഎ ഉൾപ്പെട നിരവധിപേർ കടയിലെത്തി ജയനെ അനുമോദിച്ചു. മാതമംഗലം പുനിയങ്കോട് സ്വദേശിയായ കൃഷ്ണൻ നായർ – തങ്കമണി ദമ്പതികളുടെ മകനാണ് ജയൻ.
മയ്യിലെ കടയോട് ചേർന്ന് എടുത്ത വീട്ടിലാണ് വർഷങ്ങളായി താമസം. മയ്യിലിൽ ബ്യൂട്ടിപാർലർ നടത്തുന്ന ജിഷയാണ് ഭാര്യ. വിദ്യാർഥികളായ പൂജയും ശ്രേജയുമാണ് മക്കൾ.
നാളെ രാവിലെ 10 ന് മയ്യില്‍ ജ്യോതി ഇലക്ട്രിക്കല്‍സിന് സമീപം നടക്കുന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി സമിതി മയ്യില്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജയനെ അനുമോദിക്കും.