കരുനാഗപ്പള്ളി :പോലീസ് സബ് ഡിവിഷനിലെ റെസിഡന്റ്സ് അസോസിയേഷനുകളുമായി ചേർന്ന് നടപ്പാക്കുന്ന മൈത്രി പദ്ധതിക്ക് കരുനാഗപ്പള്ളിയിൽതുടക്കമായി. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കൊല്ലം സിറ്റി പോലീസാണ് പദ്ധതി നടപ്പാക്കുന്നത്.
എല്ലാ മാസത്തിലെയും രണ്ടാം ശനിയാഴ്ച സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ മൈത്രിയോഗങ്ങൾ ചേർന്ന് ക്രമസമാധാന പ്രശ്നങ്ങൾ ചർച്ച ചെയ്യും. യോഗത്തിൽ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് പ്രദേശത്തെ ക്രമസമാധാനവുമായി ബന്ധപ്പെട്ട പൊതുപ്രശ്നങ്ങൾ ഉന്നയിക്കാം.
പോലീസ് ഇടപെട്ട്പരിഹരിക്കേണ്ട വിഷയങ്ങൾക്ക് പരിഗണന നൽകി ഉടനടി പരിഹാരം കാണുകയാണ് ലക്ഷ്യം. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം തേടും. യോഗത്തിൽ ഉയരുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പദ്ധതി നടപ്പിലാക്കുന്നത് വഴി ക്രമാസമാധാന പ്രശ്നങ്ങൾ വലിയ തോതിൽപരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരുനാഗപ്പള്ളി പോലീസ് സബ് ഡിവിഷനിലെ ആദ്യയോഗം ടൗൺക്ലബ്ബിൽ ചേർന്നു.
കൊല്ലം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എസ് ഷിഹാബുദീൻ, കരുനാഗപ്പള്ളി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ബി വിനോദ്, കരുനാഗപ്പള്ളി സബ് ഇൻസ്പെക്ടർ ഉമറുൽ ഫാറൂഖ്, നഗരസഭാ ഉപാധ്യക്ഷൻ ആർ രവീന്ദൻ പിള്ള, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷർ, നഗരസഭാ കൗൺസിലർമാർ, വിവിധ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.