തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ നദീതീരങ്ങളിൽ താമസിക്കുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകി.
തീരപ്രദേശങ്ങളിൽ കടലാക്രമണവും രൂക്ഷമായിരിക്കുകയാണ്. മലയോര മേഖലകളിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മഴ കനത്തതോടെ തിരുവനന്തപുരത്തെ സ്കൂളുകൾക്കും കണ്ണൂർ ജില്ലയിലെ ഏഴു പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.
കനത്ത മഴയെ തുടർന്നു ജലനിരപ്പ് ഉയർന്നതോടെ നെയ്യാർ അണക്കെട്ടിന്റെയും അരുവിക്കര, പേപ്പാറ അണക്കെട്ടുകളുടെയും ഷട്ടറുകൾ തുറന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു.
വിവിധ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു
കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തിങ്കളാഴ്ച വൈകിട്ട് തുടങ്ങിയ മഴ തെക്കൻ ജില്ലകളിലാണ് ശക്തമായി പെയ്യുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ശക്തമായ മഴ തുടരുന്നത്. വടക്കൻ ജില്ലകളായ കോഴിക്കോട്ടും, കണ്ണൂരും മഴ പെയ്യുന്നുണ്ട്.
നെയ്യാര്‍, അരുവിക്കര, പേപ്പാറ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഇതിനോടകം തുറന്നു. നെയ്യാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നതിന്‍റെ ഉയരം മൂന്ന് അടിയാക്കി. ആദ്യം ഒരടിയാണു തുറന്നത്. അരുവിക്കര ഒന്നര മീറ്ററും പേപ്പാറ ഒന്നര സെന്‍റീമീറ്ററുമാണ് ഉയർത്തിയിരിക്കുന്നത്.
മഴക്കെടുതിയുടെ വിവരങ്ങൾ അറിയിക്കുന്നതിന് തിരുവനന്തപുരത്ത് കൺട്രോൾ റൂമുകൾ തുറന്നു. 0471–2730045, 94977 11281 എന്നീ നമ്പരുകളിൽ കണ്ട്രോൾ റൂമുമായി ബന്ധപ്പെടാം. സംസ്ഥാനത്ത് മഴ ഒരാഴ്ച തുടരുമെന്നും കേരള ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.
നേരത്തെ, കനത്ത മഴയേത്തുടർന്ന് തിരുവനന്തപുരത്ത് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ടുണ്ടായി. ട്രാക്കിൽ വെള്ളം കയറിയതിനേത്തുടർന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട കന്യാകുമാരി–മുംബൈ ജയന്തി ജനത പേട്ടയിൽ പിടിച്ചിട്ടു. 11.15ന് പുറപ്പെടേണ്ട കേരള എക്സ്പ്രസും ഇതുവരെ പുറപ്പെട്ടിട്ടില്ല.