പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ മോഷണക്കേസിൽ അറസ്റ്റിലായ മജീദ് എന്ന പുതിയാപ്ല മജീദിനെ ഡിവൈഎസ്പി സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തിയതോടെ മൂന്നു കവർച്ചാക്കേസുകൾക്കു തുന്പായി. 11 പവൻ സ്വർണാഭരണം കണ്ടെടുത്തു.
മൊബൈൽ ഫോണ് വഴി വിവാഹ വാഗ്ദാനം നൽകി യുവതികളെ കബളിപ്പിച്ചു സ്വർണവും പണവും കൈക്കലാക്കുന്നത് പതിവാക്കിയ മജീദിനെ ഏതാനും നാളുകൾക്കു മുന്പ് പെരിന്തൽമണ്ണ ഡിവൈഎസ്പിയായിരുന്ന എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
മങ്കട സ്വദേശിനിയായ യുവതിയെ കബളിപ്പിച്ചു രണ്ടര പവൻ സ്വർണമാല മജീദ് കൈക്കലാക്കിയിരുന്നു. ഈ കേസിലാണ് ഇയാളുമായി തെളിവെടുപ്പു നടത്തിയത്. ഇതേത്തുടർന്നു ശാസ്ത്രീയമായി ചോദ്യം ചെയ്തും വിരലടയാള വിദഗ്ധർ, സൈബർ സെൽ എന്നിവ മുഖേനയുമാണ് പുതിയ കേസുകൾ കണ്ടെത്തിയത്.
ഇതുപ്രകാരം കായംകുളം സിറ്റി ഹോസ്പിറ്റലിനു സമീപത്തു വച്ചു ഒരു യുവതിയുടെ മൂന്നു പവൻ സ്വർണാഭരണവും പാരിപ്പള്ളി ജംഗ്ഷനിൽ ഇക്കഴിഞ്ഞ ജനുവരിയിൽ ഒരു സ്ത്രീയുടെ 1.2 പവൻ, കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തു വച്ചു മറ്റൊരു സ്ത്രീയുടെ ഒന്പതുപവൻ സ്വർണവും 20,000 രൂപയും തട്ടിയെടുത്തതായി മജീദ് പോലീസിനു മൊഴി നൽകി.
പണവും ആഭരണവും സ്വന്തമാക്കിയശേഷം ഇയാൾ സ്ത്രീകളെ ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെടുന്നത്. ഇതിനാൽ അധികമാരും വിഷയം പുറത്തുപറയാറില്ല. ഇതിനിടെ മജീദ് വിറ്റ സ്വർണം കടകളിൽ നിന്നു കണ്ടെടുത്തു. മൂന്നു കേസുകൾ കൂടി ചുമത്തിയതിനാൽ മജീദിനെ പെരിന്തൽമണ്ണ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പെരിന്തമണ്ണ ഡിവൈഎസ്പി സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ സിഐ സാജു കെ. ഏബ്രഹാം, എസ്ഐ എം.സി. പ്രമോദ്, പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്ഐ പി. മോഹൻദാസ്, സി.പി. മുരളീധരൻ, പി.എൻ. മോഹനകൃഷ്ണൻ, അസൈനാർ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ് കുമാർ, ഷമീർ, ദിനേഷ്, സഹൂജ്, ക്രിസ്റ്റിൻ, ആന്റണി, ടി. സലീന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.