നിലമ്പൂർ: പത്രങ്ങളിൽ പുനർവിവാഹ പരസ്യം നൽകി യുവതികളെ വിളിച്ചു വരുത്തി സ്വർണാഭരണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന കേസിൽ പിടിയിലായ പ്രതിയെ നിലന്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലക്കാട് പട്ടാമ്പി വലപ്പുഴ പുതിയാപ്ല മജീദി (കുട്ടി മജീദ്-42) നെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യ മരിച്ചു പുനർവിവാഹം കഴിക്കാനാണെന്ന പേരിൽ പത്രങ്ങളിൽ വിവാഹ പരസ്യം നൽകിയാണ് ഇരകളെ ഇയാൾ തട്ടിപ്പിനിരയാക്കിയത്. വ്യാജ സിംകാർഡുകൾ ഉപയോഗിച്ചാണ് പത്രങ്ങളിൽ നന്പറുകൾ നൽകിയിരുന്നത്. പരസ്യം കണ്ടു വിളിക്കുന്ന യുവതികളുടെ മുഴുവൻ വിവരങ്ങളും ചോദിച്ചു മനസിലാക്കി അവരുടെ ആഭരണങ്ങളെ കുറിച്ചുള്ള വിവരങ്ങളും അറിഞ്ഞശേഷം ഭാര്യ മരണപ്പെട്ടുവെന്നും ഒരു കുട്ടിയുണ്ടെന്നും ഗൾഫിൽ വലിയ ബിസിനസാണെന്നും ധരിപ്പിച്ചാണ് മജീദ് തട്ടിപ്പിനു വഴിയൊരുക്കുന്നത്.
പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതി വലയിലായത്. തിങ്കളാഴ്ച ഉൗട്ടിയിലേക്കുള്ള വിനോദയാത്രക്കിടെ രാത്രി മാരുതി ആൾട്ടോ കാറിൽ പോകുന്പോൾ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. വിലകൂടിയതുൾപ്പെടെ നാലു മൊബൈൽ ഫോണുകൾ, ഇരട്ട സിം സെറ്റുകൾ, എടിഎം കാർഡുകൾ കേരള, തമിഴ്നാട് ഡ്രൈവിംഗ് ലൈസൻസുകൾ, പാസ്പോർട്ടുകൾ, ഐഡി കാർഡ്, ആധാർ കാർഡുകൾ എന്നിവയുടെ പകർപ്പുകൾ, വാച്ചുകൾ, ഉത്തേജക മരുന്നുകൾ, സുഗന്ധ ദ്രവ്യങ്ങൾ, വ്യാജ ഐഡികാർഡുകൾ എന്നിവ ഇയാളിൽ നിന്നു പിടിച്ചെടുത്തു.
സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിൽ നിന്നു ലഭിക്കുന്ന ഫോട്ടോകൾ എഡിറ്റു ചെയ്തു പതിച്ചാണ് മൊബൈൽ കടകളിൽ നിന്നു സിംകാർഡുകൾ തരപ്പെടുത്തുന്നത്. ഒരു സിംകാർഡിൽ ഒരു യുവതിയെ മാത്രമായിരിക്കും വിളിക്കുക. ഒരാഴ്ച കഴിഞ്ഞു സിംകാർഡ് പൊട്ടിച്ചു കളയുകയാണ് പതിവ്. ഇതിനു മുമ്പ് 20 തവണ ഇയാൾ പിടിയിലായിട്ടുണ്ടെങ്കിലും മാസങ്ങൾക്കുള്ളിൽ തന്നെ ജാമ്യത്തിലിറങ്ങും. ഇരകളെ ഭീഷണിപ്പെടുത്തി കേസ് പിൻവലിപ്പിക്കുകയാണ് ചെയ്യുന്നത്. കൂടൂതൽ ഇരകളും വിവാഹ മോചനം നേടിയവരും വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്നവരുമാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. മഞ്ചേരി, വടക്കാഞ്ചേരി, മേലാറ്റൂർ, വാഴക്കാട്, കോട്ടക്കൽ, വാളാഞ്ചേരി, പൊന്നാനി, കളമശേരി, നാട്ടുകൽ, നല്ലളം, തളിപറമ്പ്, കടുത്തുരുത്തി, എറണാകുളം, ചിറയിൻകീഴ്, കാളികാവ്, ചെറുതുരുത്തി, കസബ, മലപ്പുറം, പാലക്കാട്, കണ്ണൂർ വളപട്ടണം, പെരിന്തൽമണ്ണ എന്നീ സ്റ്റേഷനുകളിലും സമാന തട്ടിപ്പ് നടത്തിയതിനു ഇയാൾക്കെതിരേ കേസുകളുണ്ട്.