വടകര: ഭാരോദ്വഹനത്തിൽ ചുരുങ്ങിയ കാലം കൊണ്ട് മിന്നുംനേട്ടങ്ങൾ സ്വന്തമാക്കിയ ഓർക്കാട്ടേരിയിലെ മജ്സിയ ബാനു കൈക്കരുത്തിന്റെ അങ്കം ജയിക്കാൻ തുർക്കിയിലേക്ക്. ഒക്ടോബർ 13 മുതൽ 22 വരെ നടക്കുന്ന ഇന്റർനാഷണൽ ആം റസിലിംഗ് (പഞ്ചഗുസ്തി) ചാന്പ്യൻഷിലേക്ക് ഈ ഇരുപത്തിനാലുകാരി യോഗ്യത നേടി്.
മെയ് ഒന്പതു മുതൽ 14 വരെ ലഖ്നോവിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാന്പ്യൻഷിപ്പിൽ സ്വർണമെഡൽ സ്വന്തമാക്കിയിരുന്നു. ഇതിനു തുടർച്ചയായാണ് അന്തർദേശീയ മീറ്റിലേക്കുള്ള യോഗ്യത. ലഖ്നോവിൽ ഇന്ത്യൻ ആം റെസിലിംഗ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചാന്പ്യൻഷിപ്പിൽ 55 കിലോ വിഭാഗത്തിലാണ് മജ്സിയ മത്സരിച്ചത്.
പവർ ലെഫ്റ്റിംഗിൽ അന്തർദേശീയ-ദേശീയ മീറ്റുകളിൽ ഇതിനകം നിരവധി മെഡലുകൾ മജ്സിയ ബാനു നേടിയിട്ടുണ്ട്. ഇതിൽ നിന്നുള്ള ആത്മവിശ്വാസമാണ് പഞ്ചഗുസ്തിയിൽ ഒരു കൈനോക്കാൻ പ്രേരണയായത്. സംസ്ഥാന ചാന്പ്യൻഷിപ്പിലെ സ്വർണ മെഡൽ നേട്ടത്തിന് ശേഷമാണ് ലഖ്നോവിലേക്കുള്ള യാത്ര.
ഇന്തോനേഷ്യയിലെ ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പ്, ആലപ്പുഴയിലെ ഏഷ്യൻ ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പ് എന്നിവയിൽ മജ്സിയ വെള്ളി മെഡലുകൾ നേടിയിരുന്നു. ദേശീയ അണ് എക്വിപ്ഡ് ചാന്പ്യൻഷിപ്പിലും സിൽവർ നേടി. മൂന്നു തവണ സംസ്ഥാന സർക്കാറിന്റെ സ്ട്രോംഗ് വുമണായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്ന് പ്രാവശ്യം കോഴിക്കോട് ജില്ലാ സ്ട്രോംഗ് വുമണുമായി.
കുട്ടിക്കാലത്തു തന്നെ മജ്സിയക്ക് സ്പോർട്സിനോട് പൊതുവെ താത്പര്യമുണ്ടായിരുന്നെങ്കിലും അൽപം വൈകിയാണ് പവർ ലിഫ്റ്റിംഗ് പരിശീലിക്കാൻ ആരംഭിച്ചത്. ഒഴിവു സമയത്ത് വെറുതെ തുടങ്ങിയ പരിശീലനം പിന്നീട് കാര്യമായെടുത്തു. പവർ ലിഫ്റ്റിംഗിൽ കോഴിക്കോട് ജയ ജിമ്മിലെ ജയദാസന്റെ കീഴിലാണ് പരിശീലനം നേടുന്നത്. പഞ്ചഗുസ്തിയിൽ സലീഷ് ഇ.വിയാണ് പരിശീലകൻ.
വടകര ഹാംസ്ട്രിംഗ് ഫിറ്റ്നസ് സെന്ററിലെ ഷമ്മാസ് അബ്ദുല്ലത്തീഫ് ആണ് ഫിറ്റ്നസ് കോച്ച്. മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡന്റൽ കോളജിൽ അവസാന വർഷ ബിഡിഎസ് വിദ്യാർഥിയാണ് മജ്സിയ. ഓർക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് അബ്ദുൽ മജീദിന്റെയും റസിയയുടെയും മകളാണ്. ഭർത്താവ് നൂർ അഹമ്മദ്.