ചേർത്തല: മാധ്യമ പ്രവർത്തകയെയും ഭർത്താവിനെയും പോലീസ് ഭീഷണിപ്പെടുത്തിയതായി പരാതി. ജന്മഭൂമി ചേർത്തല ലേഖിക ആശയെയും ഭർത്താവ് മുകേഷിനെയും മാരാരിക്കുളം പോലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ഇന്നലെ വൈകുന്നേരം മൂന്നരയോടെ പതിനൊന്നാംമൈലിന് സമീപമായിരുന്നു സംഭവം. ആലപ്പുഴ ആർമി കാന്റീനിൽ നിന്നു സാധനങ്ങളും വാങ്ങി വരുന്നവഴി ദേശീയപാതയ്ക്കരികിൽ നിന്ന് ചിപ്സ് വാങ്ങുകയായിരുന്നു ഇരുവരും.
ജീപ്പിലെത്തിയ പോലീസ് ഇവരുടെ പുതിയ വാഹനത്തിൽ രജിസ്ട്രേഷൻ നന്പരില്ലെന്ന് പറഞ്ഞ് തട്ടിക്കയറുകയും വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
വാഹനം തരില്ലെന്ന് പറഞ്ഞതോടെ മുകേഷിന്റെ ലൈസൻസും വാഹനത്തിന്റെ പേപ്പറും പോലീസ് ബലമായി വാങ്ങുകയും ലൈസൻസ് വേണമെങ്കിൽ മാരാരിക്കുളം സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയുമായിരുന്നു.
പോലീസിന്റെ ഭാഗത്തുനിന്നു മോശമായ പെരുമാറ്റം ഉണ്ടായെന്നും കുറ്റവാളികളോടെന്ന പോലെ പൊതുസ്ഥലത്ത് വച്ച് അപമാനിച്ചെന്നും പോലീസുകാർക്കെതിരെ നടപടി വേണമെന്നും കാട്ടി ഇവർ ചേർത്തല ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.