തീവ്രവാദികളും രാജ്യദ്രോഹികളും തങ്ങളുടെ ശത്രു എന്ന നിലയില്‍ അറിഞ്ഞിരിക്കേണ്ട വ്യക്തിത്വമാണ് മേജര്‍ ഗൗരവ് ആര്യ. ഇന്ത്യയുടെയും ഇന്ത്യന്‍ ആര്‍മിയുടെയും അഭിമാനം. നോക്കിലും വാക്കിലും പ്രവര്‍ത്തിയിലും തുറവിയും സത്യസന്ധതയും അര്‍പ്പണമനോഭാവവുമുള്ള ഒരു മനുഷ്യന് എന്ന് പരിചയക്കാര് അദ്ദേഹത്തെക്കുറിച്ച് പറയും. അദ്ദേഹത്തോട് ഒരിക്കലെങ്കിലും സംസാരിച്ചിട്ടുള്ളവര് കറതീര്‍ന്ന രാജ്യസ്നേഹിയായി മാറും എന്നതുറപ്പ്. കാരണം അദ്ദേഹത്തിന്റെ കണ്ണുകളില്‍പോലും ഇന്ത്യയേയും ഇന്ത്യന്‍ സൈന്യത്തെയും കുറിച്ചുള്ള അഭിമാനം നിറഞ്ഞുനില്‍പ്പുണ്ട്.
ആരാണ് മേജര്‍ ഗൗരവ് ആര്യ?
1993 ലാണ് ഗൗരവ് ആര്യ ഇന്ത്യന്‍ ആര്‍മിയില്‍ അംഗമായത്. രാജ്യ സുരക്ഷ, കാഷ്മീര്‍ സംഘര്‍ഷമേഖല, പാക്കിസ്ഥാന് വിഷയം, ഇസ്ലാം തീവ്രവാദികള്‍ എന്നിവയിലായിരുന്നു ഗൗരവ് ആര്യയ്ക്ക് കൂടുതല്‍ താത്പര്യം. ഒരു അപകടത്തില്‍ ശ്വാസകോശങ്ങള്‍ക്കേറ്റ തകരാറിനെത്തുടര്‍ന്ന് 1999 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. ഗൗരവ് ആര്യയുടെ റിട്ടയര്‍മെന്റ് അക്കാലത്ത് വലിയ ചര്‍ച്ചാവിഷയവുമായിരുന്നു. വിരമിക്കലിന് ശേഷം എംബിഎ ബിരുദമെടുത്ത അദ്ദേഹം സിംഗപ്പൂരില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ ഭാഗമായി. കമ്പനിയുടെ പ്രസിഡന്റുമായി. അടുത്തകാലത്ത് അദ്ദേഹം അവിടെ നിന്ന് രാജിവച്ച് പഴയസുഹൃത്തായ അര്‍ണബ് ഗോസ്വാമിയോടൊത്ത് റിപ്പബ്ലിക് ടിവിയില്‍ ചേര്‍ന്നു. പിന്നീട് രാജ്യസുരക്ഷ, ഇന്ത്യന്‍ സൈന്യം, ജമ്മുകാഷ്മീര്‍ പോലുള്ള പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് ലേഖനങ്ങള്‍ തയാറാക്കി.
തന്റെ പ്രസംഗങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചെന്നപോലെ രാജ്യത്തെ യുവതലമുറയെക്കുറിച്ചും ആദ്ദേഹം വാചാലനായി. രാജ്യത്തെ സൈന്യത്തെ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതുമായ ഓരോ കാര്യങ്ങളും അവര്‍ക്കുവേണ്ടി മാത്രമുള്ളതല്ല, രാജ്യത്തെ ഓരോ പൗരനും അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമാണെന്നും അദ്ദേഹം പഠിപ്പിച്ചു. സൈന്യത്തിന്റെ ഓരോ നിയമവും അദ്ദേഹം കോര്‍പറേറ്റ് ജീവിതത്തോട് ബന്ധിപ്പിച്ചു. ജമ്മുകാഷ്മീര്‍ പോലുള്ള ഇന്ത്യയിലെ സംഘര്‍ഷ മേഖലകളെക്കുറിച്ചുള്ള ആളുകളുടെ തെറ്റിദ്ധാരണകള്‍ അദ്ദേഹം തന്റെ ഒറ്റ പ്രസംഗത്തിലൂടെ മാറ്റിയിരുന്നു. ആളുകളുടെ ചെറുതും വലുതുമായ സംശയങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പക്കല്‍ കൃത്യവും വ്യക്തവുമായ ഉത്തരങ്ങളുണ്ടായിരുന്നു. ബര്‍ഖ ദത്തിനെപ്പോലുള്ളവര് രാജ്യത്തിനെതിരായി സംസാരിക്കുമ്പോള്‍ എന്താണ് തോന്നുന്നതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു ‘ഭാഗ്യമോ നിര്‍ഭാഗ്യമോ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ അവര്‍ എന്റെ ബാച്ച് മേറ്റും രാഹുല്‍ ഗാന്ധി സഹപാഠിയുമായിരുന്നു’.
നിഷ്കളങ്കരായ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ദേശവിരുദ്ധരോടും രാഷ്ട്രീയ നേതാക്കളോടും മേജര്‍ ഗൗരവിന് വെറുപ്പാണ്. ജമ്മുകാഷ്മീരിലെ യഥാര്‍ത്ഥ വിഷയം എന്തെന്ന് വ്യക്തമാക്കാന്‍ രാജ്യത്തെ യുവജനങ്ങളെ കൂട്ടുപിടിച്ച് ഒരു സോഷ്യല്‍ മീഡിയ കാമ്പയിന് അദ്ദേഹം പ്ലാന്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് ആളുകള്‍ക്കുള്ള തെറ്റിദ്ധാരണ മാറ്റുക എന്നതാണ് തന്റെ പ്രഥമ ദൗത്യമായി മേജര്‍ ഗൗരവ് കണക്കാക്കുന്നത്. ഒരു രാജ്യത്തിന്റെ സൈന്യത്തിന് അതേ രാജ്യത്തെ ജനങ്ങള്‍ക്കെതിരെ നിലകൊള്ളാന്‍ ഒരു കാരണവശാലും സാധിക്കില്ലെന്നാണ് ജമ്മുകാഷ്മീര്‍ വിഷയത്തെ ഉദാഹരണമാക്കി മേജര്‍ ഗൗരവ് സ്ഥാപിക്കുന്നത്. സ്വന്തം ടീമില്‍ വിശ്വാസമില്ലാതെ ഒരു കളിക്കാരനും കളിക്കാന്‍ സാധിക്കാത്തുതപോലെയാണ് സ്വന്തം രാജ്യത്തിന്റെ സൈന്യത്തില്‍ വിശ്വസിക്കാതെ അതേ രാജ്യത്തില്‍ ജീവിക്കുന്നവര്‍ എന്നാണ് ഗൗരവ് പറയുന്നത്.