കൊച്ചി: നടി ഭാവനയ്‌ക്കെതിരെ ഉണ്ടായ അതിക്രമത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും അക്രമികളെ വെല്ലുവിളിച്ചും സംവിധായകന്‍ മേജര്‍ രവി. ഭാവനയ്ക്കുണ്ടായ അനുഭവം ഞെട്ടിക്കുന്നതാണന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും മേജര്‍ രവി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പ്രശസ്തയായ ഒരു നടിക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായെങ്കില്‍ ഭാവിയില്‍ ഇത് ഏത് സ്ത്രീക്കു നേരെയും ഉണ്ടാകാമെന്നും ഇത്തരം സംഭവങ്ങള്‍ക്കു നേരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത വ്യവസ്ഥിതിയെ ഓര്‍ത്ത് ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി.
അക്രമികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു മേജര്‍ രവി. “നീയൊക്കെ ആണ്‍പിള്ളേരോട് കളിക്കെടാ…പിടിയിലാകുന്നതിനു മുന്‍പ് ആണുങ്ങടെ കൈയ്യില്‍ പെടാതിരിക്കാന്‍ നോക്കിക്കോടാ’ എന്നും ” ഇനി നീയൊന്നും ഞങ്ങടെ അമ്മ പെങ്ങന്മാരെ നോക്കാന്‍ പോലും ധൈര്യപ്പെടില്ല ‘എന്നും, “പറയുന്നത് ചങ്കൂറ്റമുള്ള പട്ടാളക്കാരനാണെന്ന് ഓര്‍ത്തോണം’ എന്നും പറഞ്ഞാണ് അദ്ദേഹം തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ചലച്ചിത്ര ലോകം ഒന്നടങ്കം പ്രതിഷേധവുമായി തെരുവിലിറങ്ങണമെന്നും അക്കാര്യത്തിലെങ്കിലും രാഷ്ട്രീയവും മറ്റ് വേര്‍തിരിവുകളും ഉപേക്ഷിക്കണമെന്നും മേജര്‍ രവി ആവശ്യപ്പെട്ടു.