കാഞ്ഞിരപ്പള്ളി: പൗരൻ ഏതു രാഷ്ടീയ പാർട്ടിയിൽ വിശ്വസിച്ചാലും പിറന്ന മണ്ണിനെ സ്നേഹിക്കുക എന്നതാണ് പ്രധാനമെന്ന് മേജർ രവി. സെന്റ് ഡൊമിനിക്സ് കോളജിൽ ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ വിദ്യാർഥി ക്ലബ് ഉദ്ഘാടനസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നിയമങ്ങൾ പാലിച്ചും സ്വന്തം കർത്തവ്യം ആത്മാർഥമായി നിറവേറ്റിയുമാണ് ഒരാൾ രാജ്യസ്നേഹം പ്രകാശിപ്പിക്കേണ്ടത്. നാം ആദ്യമായും അവസാനമായും ഇന്ത്യക്കാരാകണം. ഹിന്ദുവെന്നും മുസ്ലിമെന്നും ക്രിസ്ത്യനെന്നും വേർതിരിച്ചു കാണരുത്. യുവാക്കളെ ജീവിത മൂല്യങ്ങൾ പാലിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. പട്ടാളത്തിലും സിനിമയിലും വർഷങ്ങളോളം പ്രവർത്തിച്ചിട്ടും ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടില്ല എന്ന മേജർ രവിയുടെ വാക്കുകൾ സദസ് കരഘോഷത്തോടെ വരവേറ്റു.
കൈമോശം വരുന്ന മൂല്യങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇത്തരം ക്ലബുകളെന്ന് മുൻ കേരള ഡിജിപി ഡോ.എം.എൻ. കൃഷ്ണമൂർത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു. പ്രിൻസിപ്പൽ ഡോ.കെ. അലക്സാണ്ടർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. കെഎസ്ഇബി ചീഫ് വിജിലൻസ് ഓഫീസർ സഖറിയ ജോർജ് ഐപിഎസ് വിഷയാവതരണം നടത്തി. നിയുക്ത പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് ഫിലിപ്പ്, ഡിവൈഎസ്പി മുഹമ്മദ് ഹുസൈൻ, ജോർജ് സി. പോൾ, പ്രഫ ബിനോ പി. ജോസ്, സുനിത മോൾ എന്നിവർ പ്രസംഗിച്ചു.