തൃപ്പൂണിത്തുറ: പ്രതിപ ക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയിലുള്ള സ്വീകരണത്തിൽ സംവിധായകൻ മേജർ രവി പങ്കെടുത്തത് ഒട്ടേറെ അഭ്യൂഹങ്ങൾക്ക് വഴിവച്ചു. കോൺഗ്രസ് അംഗത്വം എടുക്കുമെന്ന് പ്രചാരമുണ്ടായെങ്കിലും സമ്മേളനത്തിൽ പ്രസംഗിച്ച ശേഷം മേജർ രവി മടങ്ങി.
ഒരു പാർട്ടിയിലും അംഗമല്ലാത്ത താൻ രാഷ്ട്രീയക്കാരനല്ലെന്നും രാഷ്ട്രത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദേഹം പറഞ്ഞു. 1991-ൽ രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ആ പ്രതികളെ പിടികൂടണമെന്ന് ആഗ്രഹിച്ച കമാൻഡോയായിരുന്ന തനിക്ക് ആഗ്രഹം പോലെ അവരെ പിടികൂടാനുള്ള നിയോഗം വന്നു ചേർന്നു.
വിശ്വാസം ആർക്കും ആവാം, പക്ഷേ ഇതര മതസ്ഥരെ വേദനിപ്പിച്ചാവരുത്. ഭരണാധികാരികൾ വിശ്വാസത്തിൽ കൈയിട്ട് വേദനിപ്പിക്കരുതെന്നും നാമജപ സമരം നടത്തിയവർക്കെതിരേ എടുത്ത കേസുകൾ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ എഴുതിതള്ളണമെന്നും പിൻവാതിൽ നിയമനങ്ങൾ എഴുതി തള്ളി പിഎസ്സി വഴി നിയമനം നൽകണമെന്നും അദേഹം ആവശ്യപ്പെട്ടു.