എങ്ങനെ പട്ടാളത്തില്‍ എത്തിച്ചേര്‍ന്നു എന്ന് ചോദിച്ചാല്‍ വളരെ സത്യസന്ധമായി ഉത്തരം പറയുന്ന വ്യക്തിയാണ് മേജര്‍ രവി! ആ ഒറ്റ കാരണം കൊണ്ടു തന്നെ യുദ്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളെ പരിഗണിക്കാവുന്നതാണ്; കുറിപ്പ്

ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തില്‍, ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍, ഒരു യുദ്ധമുണ്ടായാല്‍ വന്നേക്കാവുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് മേജര്‍ രവി ചില കാര്യങ്ങള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു.

എസി മുറികളിലിരുന്ന് യുദ്ധത്തിനുവേണ്ടി മുറവിളി കൂട്ടാന്‍ എളുപ്പമാണെന്നും എല്ലാത്തരത്തിലും ഒഴിവാക്കേണ്ട ഒന്നാണ് യുദ്ധമെന്നുമാണ് മേജര്‍ രവി പറഞ്ഞത്. അത് വലിയ വിവാദത്തിനും വഴി വച്ചിരുന്നു. അദ്ദേഹത്തിന് രാജ്യദ്രോഹി എന്ന വിളിയും കേള്‍ക്കേണ്ടതായി വന്നു. എന്നാല്‍ മേജര്‍ രവി പറഞ്ഞത് വളരെയധികം ചിന്തിക്കേണ്ട കാര്യം തന്നെയാണെന്ന് കാരണം സഹിതം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് ദാസ് എന്ന തൃശൂര്‍ സ്വദേശി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് ദാസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…

ചില അവസരങ്ങളില്‍ അഭിപ്രായത്തിനുമാത്രമല്ല,അത് പറയുന്ന വ്യക്തിക്കുമുണ്ട് പ്രാധാന്യം.സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റിനെക്കുറിച്ച് സംസാരിച്ചാല്‍ ജനം അത് പെട്ടന്ന് അംഗീകരിക്കും.ഒരു പട്ടാളക്കാരനായിരുന്ന രവി യുദ്ധത്തിനെതിരായി സംസാരിക്കുമ്പോള്‍ കുറേ യുദ്ധക്കൊതിയന്‍മാരെങ്കിലും മാറിച്ചിന്തിക്കും എന്ന കാര്യം തീര്‍ച്ചയാണ്. സന്ദീപ് ദാസ് കുറിച്ചു. സന്ദീപിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

‘എ.സി മുറികളില്‍ ഇരുന്ന് യുദ്ധംവേണമെന്ന് മുറവിളികൂട്ടാന്‍ എളുപ്പമാണ്. ആണവായുധമുള്ള രണ്ട് രാജ്യങ്ങളാണ് നേര്‍ക്കുനേര്‍ നില്‍ക്കുന്നത്. പാക്കിസ്ഥാന്‍ ഒരു ബുദ്ധിമോശത്തിന് എവിടെയെങ്കിലും ഒരു ആണവായുധം നിക്ഷേപിച്ചാല്‍ പത്തുതലമുറകളോളം അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും.ഇതൊന്നും അറിയാതെയാണ് ഓരോരുത്തരും അവരുടേതായ വിവരങ്ങള്‍ വിളിച്ചുപറയുന്നത്…”ഈ വാക്കുകള്‍ മേജര്‍ രവിയുടേതാണ്. സമകാലിക സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വിലമതിക്കാനാകാത്ത പ്രസ്താവന !

ഈ നിലപാട് സ്വീകരിക്കുന്ന ആദ്യത്തെയാളല്ല രവി.സമാനമായ അഭിപ്രായങ്ങള്‍ ഇതിനുമുമ്പും പലരും രേഖപ്പെടുത്തിയിരുന്നു. അത്തരക്കാര്‍ക്ക് ഇന്ത്യയോട് സ്‌നേഹമില്ലെന്ന് വിധിയെഴുതാന്‍ ചിലര്‍ മത്സരിക്കുന്ന കാഴ്ച്ചയും നാം കണ്ടതാണ്.

എന്നാല്‍ യുദ്ധത്തെ എതിര്‍ത്തതിന്റെ പേരില്‍ മേജര്‍ രവിയെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ചാല്‍ ഇവിടത്തെ യുദ്ധസ്‌നേഹികള്‍ വിവരമറിയും ! പട്ടാളക്കാരുടെ വികാരങ്ങളും വിചാരങ്ങളും എന്താണെന്ന് ആര്‍മി ഫാന്‍സിനേക്കാള്‍ നന്നായി അറിയുന്ന വ്യക്തിയാണ് അദ്ദേഹം.

ചില അവസരങ്ങളില്‍ അഭിപ്രായത്തിനുമാത്രമല്ല,അത് പറയുന്ന വ്യക്തിക്കുമുണ്ട് പ്രാധാന്യം. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റിനെക്കുറിച്ച് സംസാരിച്ചാല്‍ ജനം അത് പെട്ടന്ന് അംഗീകരിക്കും.ഒരു പട്ടാളക്കാരനായിരുന്ന രവി യുദ്ധത്തിനെതിരായി സംസാരിക്കുമ്പോള്‍ കുറേ യുദ്ധക്കൊതിയന്‍മാരെങ്കിലും മാറിച്ചിന്തിക്കും എന്ന കാര്യം തീര്‍ച്ചയാണ്.

രാജ്യസ്‌നേഹം വിഷയമാക്കിയ കുറേ പട്ടാളസിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് രവി.യുദ്ധത്തെ പിന്തുണച്ച് ഏതാനും മാസ് ഡയലോഗുകള്‍ പറഞ്ഞിരുന്നുവെങ്കില്‍ കുറേ കയ്യടികള്‍ അദ്ദേഹത്തിന് എളുപ്പത്തില്‍ കിട്ടുമായിരുന്നു.പൊതുബോധത്തിനൊപ്പം സഞ്ചരിക്കുക എന്നത് രവിയെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമായിരുന്നു.

പക്ഷേ അദ്ദേഹം മനുഷ്യത്വത്തിന്റെ പക്ഷത്ത് നിലകൊള്ളാന്‍ തീരുമാനിച്ചു.കുറേ അഭിനന്ദനങ്ങള്‍ ബോധപൂര്‍വ്വം നിഷേധിച്ചു. അതുകൊണ്ടാണ് ഈ കലാകാരനോട് ബഹുമാനം തോന്നുന്നതും.

എങ്ങനെ പട്ടാളത്തില്‍ എത്തിപ്പെട്ടു എന്ന് ചോദിച്ചാല്‍ വളരെ സത്യസന്ധമായി മറുപടി പറയുന്ന ഒരാള്‍ കൂടിയാണ് രവി.പട്ടാളക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.ദേശസ്‌നേഹം കൊണ്ട് ആര്‍മിയില്‍ ചേര്‍ന്നതാണെന്ന് കള്ളംപറഞ്ഞ് ഹീറോയാകാനുള്ള അവസരം രവി സ്വയം തട്ടിത്തെറിപ്പിക്കുകയായിരുന്നു എന്ന് സാരം !

ഇതില്‍നിന്ന് നമ്മള്‍ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. പട്ടാളക്കാരും സാധാരണ മനുഷ്യര്‍ തന്നെയാണ്.ചിലപ്പോള്‍ മരണം വരിക്കേണ്ടിവരും എന്ന ബോദ്ധ്യത്തോടെയാണ് അവര്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നത്.അവരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ തന്റെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ജീവനോടെ തിരിച്ചുചെല്ലണം എന്നുതന്നെയാവും ഓരോ ജവാനും ആഗ്രഹിക്കുന്നത്.

ഒരു യുദ്ധമുണ്ടായാല്‍ ഈ പട്ടാളക്കാരും അവരുടെ ബന്ധുക്കളും എത്രമാത്രം അനുഭവിക്കും എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഒരു അഭിനന്ദന്‍ പാക്കിസ്ഥാന്റെ പിടിയിലായപ്പോള്‍ നാം എത്രമാത്രം സങ്കടപ്പെട്ടു.അതുപോലെ ഒരുപാട് അഭിനന്ദന്‍മാരുണ്ടായാല്‍ എന്താവും സ്ഥിതി?

പട്ടാളക്കാര്‍ എന്തും സഹിക്കാന്‍ ബാധ്യസ്ഥരാണ് എന്ന മട്ടിലാണ് പലരും പ്രതികരിക്കാറുള്ളത്.ണ്ടഅതൊരു പ്രഫഷനാണെന്ന കാര്യം നാം മറന്നുപോയിരിക്കുന്നു.ജോലി ചെയ്യുന്ന ജവാന് തന്റെ കുടുംബം പുലര്‍ത്തുക എന്നൊരു ലക്ഷ്യം കൂടിയുണ്ട്.ഒരുപാട് കുടുംബങ്ങളെ അനാഥമാക്കുന്ന,സാമൂഹികമായും സാമ്പത്തികമായും വന്‍ നഷ്ടങ്ങളുണ്ടാക്കുന്ന യുദ്ധങ്ങളെ എതിര്‍ത്തേ മതിയാകൂ.

മനുഷ്യനാണ് ആദ്യം ജന്മമെടുത്തത്.രാജ്യങ്ങളും അതിര്‍ത്തികളും ഉണ്ടാക്കിയതും അതിന്റെ പേരില്‍ പരസ്പരം കൊന്നുതള്ളുന്നതും മനുഷ്യന്‍ തന്നെ ! സത്യം പറഞ്ഞാല്‍ അതിര്‍ത്തികള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തേണ്ടിവരുന്നത് കഷ്ടമാണ്.എങ്കിലും അത് ചെയ്യാതെ നിവൃത്തിയില്ല.

പാക്കിസ്ഥാന്‍ എന്ന രാജ്യത്തെ മൊത്തത്തില്‍ നശിപ്പിക്കണം എന്നാണ് പലരും ആഗ്രഹിക്കുന്നത്.എന്നാല്‍ ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്ന കുറേപ്പേര്‍ ഇമ്രാന്‍ ഖാന്റെ നാട്ടിലുണ്ട് എന്നത് വ്യക്തമാണ്.അവരെ അമര്‍ച്ച ചെയ്യണം എന്ന് പറയുന്നത് എവിടത്തെ ന്യായമാണ്? അവര്‍ പാക്കിസ്ഥാനികളായി പിറന്നത് അവരുടെ ഇഷ്ടപ്രകാരമല്ലല്ലോ !

പറഞ്ഞാല്‍ മനസ്സിലാകാത്ത,സമാധാനം എന്ന ആശയം തലയില്‍ക്കയറാത്ത കുറേ തീവ്രവാദികള്‍ ഈ ലോകത്തുണ്ട്.അവര്‍ക്കെതിരെ ആയുധം ഉപയോഗിക്കേണ്ടിവരുന്നത് മനസ്സിലാക്കാം.പക്ഷേ അവിടെ അവസാനിക്കണം എല്ലാം.അതിന്റെ പേരിലുള്ള മേനിപറച്ചിലും വെല്ലുവിളികളും തീര്‍ത്തും അനാവശ്യമാണ്.

വേറൊരു പോംവഴിയും ഇല്ലാതെ വരുമ്പോള്‍ നിലനില്പിനുവേണ്ടിയുള്ള തിരിച്ചടി-ആധുനിക സമൂഹത്തില്‍ യുദ്ധം എന്നത് അങ്ങനെയേ ആകാവൂ. ഭൂവിഭാഗങ്ങള്‍ കീഴടക്കി കീര്‍ത്തി നേടിയ അലക്‌സാണ്ടര്‍മാരുടെ കാലം കഴിഞ്ഞിരിക്കുന്നു.

പ്രളയത്തിന്റെ സമയത്ത് മേജര്‍ രവിയുടെ ഒരു വിഡിയോ കണ്ടിരുന്നു.ജീവന്‍ പോകും എന്ന ഘട്ടം വന്നാല്‍ ഇവിടെ ജാതിയും മതവുമൊക്കെ ഇല്ലാതാകും എന്നാണ് അദ്ദേഹം പറഞ്ഞത്.ഒരു പച്ചമനുഷ്യനായി സംസാരിക്കുകയായിരുന്നു രവി. ശരിക്കും ഞെട്ടിപ്പോയി.കാരണം അദ്ദേഹം അങ്ങനെയൊക്കെ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

മേജര്‍ രവിയെ വെറുക്കുന്ന ഒരുപാട് പേര്‍ ഇവിടെയുണ്ടെന്ന് എനിക്കറിയാം. അദ്ദേഹത്തിന്റെ പല നിലപാടുകളും ശക്തമായി എതിര്‍ത്തിട്ടുള്ള ഒരാളാണ് ഞാനും.പക്ഷേ ഒരു മനുഷ്യന്‍ സ്വയം മെച്ചപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അയാളെ പരമാവധി പ്രോത്സാഹിപ്പിക്കണം എന്ന അഭിപ്രായവും എനിക്കുണ്ട്. ഒരു പുതിയ മേജറിനെയാണ് നാം ഏതാനും മാസങ്ങളായി കാണുന്നത്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ ഒരാള്‍ക്കും അദ്ദേഹത്തെ അവഗണിക്കാനാവില്ല….

Related posts