കൊല്ലം: കൊല്ലം പാർലമെന്റ് ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ആരെന്ന് ഇന്നറിയാം. വൈകുന്നേരത്തോടെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പാർട്ടി ജില്ലാ നേതൃത്വം നൽകുന്ന സൂചന. നേരത്തെ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ സാധ്യതാ പട്ടികയിൽ ഇപ്പോൾ നേരിയ മാറ്റം വന്നിട്ടുണ്ട്.
നടൻ കൃഷ്ണകുമാർ, ഔദ്യോഗിക വക്താവ് സന്ദീപ് വചസ്പതി, യുവമോർച്ച ദേശീയ നേതാവ് അനൂപ് ആന്റണി എന്നിവരാണ് ഒടുവിലത്തെ സാധ്യതാ പട്ടികയിലുള്ളത്.
സ്ഥാനാർഥിത്വത്തിൽ യുവമോർച്ചയ്ക്ക് അവസരം നൽകണമെന്ന പാർട്ടി ദേശീയ നേതൃത്വത്തിൻന്റെ ആഗ്രഹ പ്രകാരമാണ് അനൂപ് ആന്റണിയുടെ പേരും പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അനൂപ് അമ്പലപ്പുഴ മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്നു.
അനൂപിനു കൊല്ലത്തു മത്സരിക്കാൻ താത്പര്യമില്ലെങ്കിൽ എറണാകുളം നൽകി പകരം മേജർ രവിയെ കൊല്ലത്തു പരീക്ഷിക്കണമെന്ന നിർദേശവും നേതൃത്വത്തിനു മുന്നിലുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ഇന്നുതന്നെ വ്യക്തത വരുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതീക്ഷ. കൊല്ലത്ത് ബിജെപിക്കു സ്ഥാനാർഥി ആയില്ലങ്കിലും പാർലമെന്റ് മണ്ഡലത്തിലെ ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലും എൻഡിഎയുടെ നേതൃയോഗങ്ങൾ പൂർത്തിയായി.
ഇനി പഞ്ചായത്ത് – ബൂത്ത് തല നേതൃയോഗങ്ങളും ഉടൻ നടക്കും. സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായാൽ ഉടൻ തന്നെ ചുവരെഴുത്തടക്കമുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താനും യോഗത്തിൽ തീരുമാനമായി.