കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളം ലോക്ഡൗണിലാണ്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ മദ്യവിതരണ കേന്ദ്രങ്ങളെല്ലാം അടച്ചിരിക്കുകയാണ്.
മദ്യത്തിന്റെ ലഭ്യത ഇല്ലായ്മയുടെ പേരില്‍ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ആവോളം നിറയുന്നുണ്ട്.ലോക്ഡൗണ്‍ ആയതോടെ കേരളത്തില്‍ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു പട്ടാളക്കാരന് മേജര്‍ രവിയാണ് എന്ന് പരിഹസിച്ചും ട്രോളുകള്‍ വന്നിരുന്നു.
ഈ ട്രോളുകള്‍ തന്റെ ശ്രദ്ധയില്‍പെട്ടിരുന്നു എന്ന് പറയുകയാണ് മേജര്‍ രവി. ചിരിക്കാന്‍ പോലും പറ്റാത്ത ഈ കാലത്ത് ഈ ട്രോളുകള്‍ കാണുമ്പോള്‍ ചിരിക്കാന്‍ പറ്റുന്നുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്.
ഒരു തുള്ളി പോലും കഴിക്കാത്ത ആളാണ് താന്‍ എന്നും സ്വന്തം ക്വാട്ട പോലും വാങ്ങാറില്ല എന്നും മേജര്‍ രവി പറയുന്നു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മേജര്‍ രവി പറഞ്ഞതിങ്ങനെ…
‘ചില സുഹൃത്തുക്കളാണ് മദ്യത്തെക്കുറിച്ച് ഒരാള്‍ ഇന്‍ബോക്സില്‍ ചോദിച്ചപ്പോള്‍ ഞാന്‍ ചീത്ത പറഞ്ഞ രീതിയില്‍ ഉള്ള ഒരു സ്ക്രീന്‍ഷോട്ട് അയച്ചു തന്നത്.
‘സാറ് ഇങ്ങനെ പറയില്ലല്ലോ, പിന്നെ എന്താണ് സംഭവിച്ചത്’ എന്ന് ചോദിച്ചു. ഞാന്‍ അങ്ങനെ പറയില്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ അപ്പോള്‍ ഊഹിച്ചോളൂ, എന്ന് മറുപടിയായി പറഞ്ഞു. അത് എന്റെ പേരില്‍ ആരോ ഉണ്ടാക്കിയ വ്യാജസ്ക്രീന്‍ ഷോട്ട് ആയിരുന്നു.
ഞാന്‍ അങ്ങനെ ആരെയും മോശം പറയുന്ന ആളല്ല. കേരളത്തില്‍ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു മേജര്‍ ഞാന്‍ ആണ് എന്നൊക്കെയാണ് ട്രോള്‍. സത്യത്തില്‍ ഞാന്‍ മദ്യപിക്കാത്ത ഒരാളാണ്.
എന്റെ ക്വാട്ട പോലും ഞാന്‍ വാങ്ങാറില്ല. അതുകൊണ്ടു തന്നെ ഈ ട്രോള്‍ കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്. ഇക്കാലത്ത് ചിരിക്കാന്‍ ഒരു കാര്യം കിട്ടുന്നത് നല്ലതല്ലേ. ആരോ ഒരു ട്രോള്‍ ഉണ്ടാക്കി അതിന്റെ ഉത്തരവും അയാള്‍ തന്നെ ഉണ്ടാക്കി’. മേജര്‍ രവി പറയുന്നു.
ഇത്തരത്തില്‍ നിരവധി ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എമ്പാടും പ്രചരിക്കുന്നത്. സ്വന്തം ക്വാട്ട വാങ്ങാത്ത ആളെന്ന് മേജര്‍ രവി പറയുമ്പോള്‍ ‘പറ്റിക്കാന്‍ വേണ്ടിയാണെങ്കില്‍ പോലും ഇങ്ങനെയൊന്നും പറയല്ലേ സാറേ’ എന്നായിരുന്നു ഒരു ട്രോള്‍.