അമ്പലപ്പുഴ: സാമ്പത്തിക തട്ടിപ്പു കേസിൽ ചലച്ചിത്ര സംവിധായകൻ മേജർ രവി ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ ഉത്തരവ്. അമ്പലപ്പുഴ സ്റ്റേഷനിൽ ഹാജരാകാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
അമ്പലപ്പുഴ സ്വദേശി ഷൈൻ നൽകിയ പരാതിയെത്തുടർന്നാണ് മേജർ രവിയും തണ്ടർ ഫോഴ്സ് എന്ന സെക്യൂരിറ്റി കമ്പനി എംഡി അനിൽ നായരും ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ ഉത്തരവിട്ടിരിക്കുന്നത്.
സ്റ്റേഷനിൽ ഹാജരാകുന്ന ഇരുവരെയും അമ്പലപ്പുഴ കോടതിയിലും ഹാജരാക്കും.തണ്ടർ ഫോഴ്സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞ് തന്നിൽ നിന്ന് പലപ്പോഴായി രണ്ടു കോടി 10 ലക്ഷം രൂപ ഇരുവരും ചേർന്ന് തട്ടിയെടുത്തുവെന്നാണ് ഷൈനിന്റെ പരാതി.
മേജർ രവിയുടെ അക്കൗണ്ടിലേക്കാണ് കൂടുതൽ തുകയും നൽകിയിരുന്നത്. മാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് ഈ തുക വാങ്ങിയതെന്നും എന്നാൽ, ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയില്ലെന്നും നൽകിയ പണം തിരികെ ലഭിച്ചില്ലെന്നും കാട്ടി അമ്പലപ്പുഴ സ്റ്റേഷനിൽ ഷൈൻ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് ഷൈൻ കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് കോടതി നിർദേശ പ്രകാരമാണ് അമ്പലപ്പുഴ പോലീസ് മേജർ രവിക്കെതിരെയും അനിൽ നായർക്കുമെതിരേ കേസെടുത്തത്.
ഇന്ന് അമ്പലപ്പുഴ സ്റ്റേഷനിൽ ഹാജരാകുന്ന ഇരുവരേയും അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരുമായി ഇരുവരും സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.