ന്യൂഡൽഹി: മേജറുടെ ഭാര്യയെ കൊന്നത് വിവാഹാഭ്യർഥന നിരസിച്ചതിനാലാണെന്ന് അറസ്റ്റിലായ സൈനിക ഉദ്യോഗസ്ഥൻ. നാഗാലാൻഡിലെ ദിമാപുരിൽ സേവനം ചെയ്യുന്ന മേജർ നിഖിൽ ഹണ്ടയാണ് ഇന്നലെ അറസ്റ്റിലായത്. മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷലീസ ദ്വിവേദി(30) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച മീററ്റിൽനിന്നാണ് മേജർ നിഖിലിനെ പോലീസ് അറസ്റ്റുചെയ്തത്.
ഡൽഹി കന്റോണ്മെന്റ് മെട്രോ സ്റ്റേഷനു സമീപമാണ് ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയ നിലയിൽ ശനിയാഴ്ച രാവിലെ ഷലീസയുടെ മൃതദേഹം കണ്ടെത്തുന്നത്.പ്രാഥമികാന്വേഷണത്തിൽ ആശുപത്രിയുടെ മുന്പിൽനിന്ന് ഷലീസ ഒരു കാറിൽ കയറി പോയതായി പോലീസിന് വിവരം ലഭിച്ചു. ഷലീസയെ കാണാൻ മേജർ നിഖിൽ ഹണ്ട ശനിയാഴ്ച ഡൽഹിയിൽ എത്തിയിരുന്നു. ആശുപത്രിയുടെ മുന്പിൽനിന്ന് ഇയാൾ തന്റെ ഹോണ്ട സിറ്റി കാറിൽ ഷലീസയെ കയറ്റിപ്പോകുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ദിമാപുരിൽ മേജർ നിഖിലും മേജർ അമിതും ഒരുമിച്ചു ജോലി ചെയ്തിരുന്നു. സ്ഥലംമാറ്റം ലഭിച്ചതിനെത്തുടർന്ന് അമിതും കുടുംബവും ഡൽഹിയിലേക്ക് താമസം മാറ്റുകയായിരുന്നു. ദിമാപുരിൽവെച്ച് പരിചയത്തിലായ ഷലീസയെ വിവാഹം കഴിക്കാൻ നിഖിൽ ആഗ്രഹിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഒരു തവണ ഷലീസയും നിഖിലും വീഡിയോ കോൾ ചെയ്യുന്നതിനിടെ അമിത് വന്ന് ഇരുവരെയും വിലക്കുകയും ഇനി കുടുംബവുമായി അടുക്കാൻ ശ്രമിക്കരുതെന്ന് നിഖിലിന് താക്കീത് നൽകുകയും ചെയ്തിരുന്നു.
ആർമി ബേസ് ആശുപത്രിയിൽ ഫിസിയോതെറാപ്പിക്കായി രാവിലെ വീട്ടിൽനിന്ന് പോയതായിരുന്നു ഷലീസ. ഭർത്താവിന്റെ ഒൗദ്യോഗിക വാഹനത്തിലാണ് ഇവരെ ആശുപത്രിയിൽ വിട്ടത്. പിന്നീട് തിരികെ വിളിക്കാൻ വാഹനവുമായി ഡ്രൈവർ എത്തിയപ്പോൾ ഇവർ ആശുപത്രിയിലെത്തിയില്ലെന്ന വിവരമാണ് ലഭിച്ചത്. പിന്നീട് മെട്രോസ്റ്റേഷനു സമീപം മൃതദേഹം കണ്ടെത്തുകയായിരന്നു.
റോഡിൽ മൃതദേഹം കിടക്കുന്നതുകണ്ട് വഴിയാത്രക്കാരാണ് പോലീസിൽ വിളിച്ചറിയിച്ചത്. വാഹനം കയറിയിറങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. പോലീസ് എത്തി പരിശോധിച്ചപ്പോൾ കഴുത്തു മുറിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. കൊല ചെയ്തശേഷം തെറ്റിദ്ധരിപ്പിക്കാനായി മൃതദേഹത്തിൽ വാഹനം കയറ്റിയതാണെന്ന് കരുതുന്നുവെന്ന് പോലീസ് പറഞ്ഞു. വാഹനം കഴുകി വൃത്തിയാക്കാൻ നിഖിൽ ശ്രമിച്ചിട്ടുണ്ടെങ്കിലും ചക്രത്തിലെ ചോരപ്പാടുകൾ പൂർണമായും നീക്കാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.