സംസ്ഥാനത്തുടനീളം ആക്രമണം അഴിച്ചു വിടുന്ന തെരുവു നായ്ക്കള്‍ കോവിഡ് കാലത്ത് ജനിച്ചവയെന്ന് നിഗമനം.
മനുഷ്യസമ്പര്‍ക്കമില്ലാതെ വളര്‍ന്നതും ഭക്ഷണത്തിന്റെ കുറവുമാണ് ഇവരെ ആക്രമണ സ്വഭാവമുള്ളവയാക്കിയത്.
തദ്ദേശവകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. നായകള്‍ക്കു പേവിഷ പ്രതിരോധ വാക്സീന് അടിയന്തരമായി നല്‍കണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു.
തെരുവുനായ്ക്കള്‍ പണ്ടു മുതല്‍ തന്നെ ഉണ്ടെങ്കിലും പൊതുവെ മനുഷ്യരുമായി ഇണങ്ങി ജീവിക്കുന്നതിനാല്‍ അവ അത്ര അപകടകാരികളാകാറില്ലായിരുന്നു.
എന്നാല്‍ കോവിഡ് കാലത്ത് ജനിച്ച തെരുവുനായകള്‍ മനുഷ്യരുമായി ഇടപഴകാതെയാണ് വളര്‍ന്നത്. ഇങ്ങനെ ആയിരക്കണക്കിനു നായകളാണ് കേരളത്തിലുള്ളത്.
ഭക്ഷണം കുറഞ്ഞതും ഇവയെ ആക്രമണകാരികളാക്കി. മൃഗസംരക്ഷണ വകുപ്പിലെയും വെറ്റിനററി സര്‍വകലാശാലയിലെയും വിദഗ്ധരാണ് ഇക്കാര്യം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളെ അറിയിച്ചത്.
തെരുവുനായകള്‍ക്കു പേവിഷ പ്രതിരോധ വാക്സീന് നല്‍കുകയാണ് ഏറ്റവും അടിയന്തരമായി നടപ്പാക്കേണ്ട നടപടി എന്നും വിദഗ്ധര്‍ അറിയിച്ചു.
സംസ്ഥാനത്ത് മൂന്ന് ലക്ഷം തെരുവുനായകള്‍ ഉണ്ടാകുമെന്നാണ് ഏകദേശകണക്ക്. ആറ് ലക്ഷം വൈല് വാക്സീന് സംസ്ഥാനത്തുണ്ട്.
വാക്സീന് നല്കുന്ന നായകള്‍ക്കു ചിപ്പ് ഘടിപ്പിക്കുകയോ സ്പ്രേ പെയ്ന്റ് ചെയ്യുകയോ ചെയ്യും. ഒരു വര്‍ഷമാണ് വാക്്സിന്റെ ഫലം നിലനില്ക്കുക. അതിനു ശേഷം വീണ്ടും നല്‍കേണ്ടിവരും. ആവശ്യമുള്ള വാക്സീന് വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, വന്ധ്യംകരണത്തിനു പരിശീലനം ലഭിച്ചവരെ കണ്ടെത്തുക, വന്ധ്യംകരണത്തിനുശേഷം രണ്ട് ദിവസം നായകളെ പരിപാലിക്കുക എന്നിവ ചെലവേറിയതും കൂടുതല്‍ സമയംവേണ്ടി വരുന്നതുമായ നടപടികളാണ്.
ഒരു നായയെ വന്ധ്യംകരിക്കാന്‍ 1500 രൂപയെങ്കിലും ചെലവ് വരും. പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും എളുപ്പമല്ല. ഘട്ടം ഘട്ടമായി മാത്രമേ ഇക്കാര്യങ്ങള്‍ നടപ്പാക്കാവൂ എന്ന് തദ്ദേശ മന്ത്രി എം.ബി.രാജേഷ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.