ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം കൂടിക്കൂടി വരികയാണ്. ചിലര്‍ക്ക് ഡേറ്റിംഗ് ആപ്പിലൂടെ അനുയോജ്യരായ പങ്കാളികളെ കിട്ടുമ്പോള്‍ പലരും ചൂഷണത്തിനിരയാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഡേറ്റിംഗ് ആപ്പുകളിലൂടെ പാര്‍ട്ണര്‍മാരെ തേടിയിറങ്ങിയ സ്ത്രീകളില്‍ 31 ശതമാനം പേരും ബലാത്സംഗം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് പഠനം പറയുന്നു.
ഡേറ്റിംഗ് ആപ്പുകളില്‍ സ്ഥിരം ലൈംഗിക കുറ്റവാളികള്‍ ഒളിഞ്ഞിരിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത്തരം ആപ്പുകള്‍ ഒരിക്കലും അംഗങ്ങളായവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാറില്ല. കുറ്റകൃത്യങ്ങള്‍ കൂടുന്നതിനും ഇത് കാരണമാകുന്നു. അംഗമാകുന്ന സ്ത്രീകള്‍ സ്വയം സുരക്ഷിതരാകാന്‍ ശ്രമിക്കണമെന്നാണ് മുന്‍ നിര ഡേറ്റിംഗ് ആപ്പുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.
സ്ത്രീകള്‍ ഒരാളെ കാണാനിറങ്ങുന്നതിനു മുമ്പ് അയാളെക്കുറിച്ച് ഓണ്‍ലൈനിലടക്കം കിട്ടാവുന്ന വിശദാംശങ്ങള്‍ പൂര്‍ണ്ണമായും പരിശോധിക്കണമെന്നാണ് ഇതേ കുറിച്ച് ജൂലി സ്പിറാ എന്ന എഴുത്തുകാരി പറയുന്നത്. നിങ്ങള്‍ ഒരാളെ കാണാന്‍ ശ്രമിക്കുന്നെങ്കില്‍ അതിന് പൊതു സ്ഥലം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും സുരക്ഷിതം. ആദ്യത്തെ കൂടിക്കാഴ്ച തന്നെ ഇത്തരത്തിലാക്കണം. സ്വകാര്യ സ്ഥലത്തേക്ക് ഒറ്റയ്ക്ക് പോകാതിരിക്കാന്‍ പരമാവധി ശ്രമിക്കുക. നിങ്ങള്‍ പ്രതീക്ഷിക്കാത്ത പെരുമാറ്റം ഉണ്ടായാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗവും അപ്പോള്‍ തന്നെ കണ്ടെത്തുക.
ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട വ്യക്തിയെ കുറിച്ചും കൂടിക്കാഴ്ചയെ കുറിച്ചും ഏറ്റവും അടുത്ത ഒരു സുഹൃത്തിനോടെങ്കിലും പറയുക. നിങ്ങള്‍ കാണാന്‍ പോകുന്നയാളുടെ ഫോണ്‍ നമ്പര്‍ സുഹൃത്തിനു നല്‍കുന്നതും പലപ്പോഴും സഹായകമാകാം. മറ്റൊരു പ്രധാന ഉപദേശം വളരെ പതുക്കെ മാത്രം നീങ്ങുക. ദിവസങ്ങളോ, ആഴ്ചകളോ, മാസങ്ങളോ എടുത്ത് ആളെ പഠിച്ച ശേഷം മാത്രം കൂടുതല്‍ അടുക്കുക. അപക്വമായ പെരുമാറ്റം കണ്ടാല്‍ ബന്ധം വേണ്ടെന്നു വയ്ക്കുക തന്നെ ചെയ്യേണ്ടതാണ്.
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ സ്വഭാവത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ് ഡേറ്റിംഗ് ആപ്പുകള്‍. പക്ഷെ എല്ലാ ഡേറ്റിംഗ് ആപ്പുകളുടെ പ്രവര്‍ത്തന രീതിയും ഏകദേശം ഒരു പോലെയായിരിക്കും. ‘ഫൈന്റ് ലൗ ഫൈന്റ് മാജിക്’ തുടങ്ങി സമാന പരസ്യ വാചകങ്ങളാണ് മിക്കവാറും എല്ലാ ഡേറ്റിംഗ് ആപ്പുകളും ഉപയോഗിക്കുന്നത്. ഇനി ആപ്പില്‍ കയറി ചാറ്റി മടുക്കുന്നവര്‍ക്കായി നിരവധി ഗെയിമുകളും ആപ്പുകളിലുണ്ട്.
ഡേറ്റിങ്ങ് ആപ്പുകളില്‍ ചാറ്റ് ചെയ്യാനായി ആദ്യം ചെയ്യേണ്ടത് ആപ്പില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കുകയാണ്. ഫേസ്ബുക്ക് വഴിയൊ ഇ മെയില്‍ ഐഡി വഴിയോ ലോഗിന്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് ജനന തിയതി, ഉയരം,നിങ്ങളുടെ താമസ സ്ഥലം, ജോലി, വിദ്യാഭ്യാസ യോഗ്യത, നിങ്ങളുടെ പ്രിയപ്പെട്ട വിനോദങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പൂരിപ്പിച്ചു നല്‍കണം.ലഭിക്കുന്ന സുഹൃത്തുക്കളുടെ ഫോട്ടോയടക്കമുള്ള പ്രൊഫൈലുകള്‍ നിങ്ങള്‍ക്ക് പരിശോധിച്ചതിനു ശേഷം അവരെ സുഹൃത്താക്കിയാല്‍ മതി. ട്രസ്റ്റ് സ്‌കോര്‍ സിസ്റ്റവും ആപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.