നിമിഷയെ മാനസികമായി വിഷമിപ്പിക്കുന്ന ഒരുപാട് കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു. ആ കുട്ടി ഒരു രാഷ്ട്രീയക്കാരിയല്ല കലാകാരിയാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള സൈബർ ആക്രമണം നേരിടാനുള്ള മാനസികമായ ശക്തി ആ കുട്ടിക്ക് ഉണ്ടോ എന്നറിയില്ലന്ന് മേജർ രവി.
ഏതോ ഒരു കാലത്ത് സുരേഷ് പറഞ്ഞ ഒരു കാര്യം ആ കുട്ടി വേദിയില്‍ വന്നുപറഞ്ഞു. അതിനെ അങ്ങനെ വിട്ടാല്‍ മതി. ഇപ്പോള്‍ നടക്കുന്ന ആക്രമണം വിഷമിപ്പിക്കുന്നതാണ്.
സുരേഷ് ഗോപിയുടെ മകനും അദ്ദേഹത്തിന്റെ കുടുംബവും ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും മാനസികമായി വിഷമിച്ചിട്ടുണ്ട്. സുരേഷ് ഗോപി നന്നായി വളർത്തിക്കൊണ്ടുവന്ന കുട്ടി എന്ന നിലയില്‍ ഗോകുല്‍ സുരേഷ് പക്വമായി പറഞ്ഞ സ്റ്റേറ്റ്മെന്റ് ഞാൻ കേട്ടിട്ടുണ്ട്.
അന്നതു പറഞ്ഞപ്പോള്‍ വിഷമം ഉണ്ടായെന്നും എന്നാല്‍ ഇന്ന് അവർക്കെതിരേ ട്രോളുകള്‍ ഇടുന്നതിനോ മാനസികമായി പീഡിപ്പിക്കുന്നതിനോ എനിക്കു താത്പര്യമില്ലെന്നാണ് ഗോകുല്‍ പറഞ്ഞത്. അതിനെ അങ്ങു വിടുകയാണ് ചെയ്യേണ്ടത്.
അല്ലാതെ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിൽ കയറി ആക്രമിക്കാൻ നിങ്ങള്‍ക്ക് വേറെ പണിയില്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.
ആ കുട്ടി വ്യക്തിപരമായ ദേഷ്യം കൊണ്ടൊന്നുമല്ല അങ്ങനെ പറഞ്ഞത്. ഒരു സ്റ്റേജില്‍ കയറി കുറച്ച് കൈയടി കിട്ടാൻ വേണ്ടി പറഞ്ഞതാവാം. അങ്ങനെ ഒരു സംഭവമുണ്ടായി, അതിനെ വിടുക. ഇപ്പോള്‍ ആ കുട്ടിക്കുനേരേ നടക്കുന്ന ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലന്ന് മേജർ രവി പറഞ്ഞു.