ടി.എസ്. സതീഷ്കുമാർ
ശബരിമല: മകരവിളക്കിനും മകരസംക്രമ പൂജയ്ക്കും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ശബരിമലയും പന്പയും ഭക്തലഹരിയിലാണ്. ഇന്നലെ സന്ധ്യയ്ക്ക് പെട്ടെന്നുണ്ടായ ചാറ്റൽ മഴയെ ശരണമന്ത്രങ്ങളാണ് തീർഥാടകൾ മലകയറിയത്. മകരജ്യോതി ദർശിക്കുന്നതിന് സന്നിധാനത്തും പരിസരത്തും പർണശാലകൾ കെട്ടി തീർഥാടകർ ശരണം വിളിച്ച് കഴിയുകയാണ.് ചൂടും മഴയുമൊന്നും തങ്ങൾക്ക് പ്രശ്നമല്ലാത്ത രീതിയിൽ ഭക്തലഹരിയിലാണ് തീർഥാടകർ.തിരുവാഭരണം പന്തളത്തുനിന്ന് പുറപ്പെട്ടതോടെ ശബരമലയിലേക്കുള്ള തീർഥാടകരുടെ വരവ് ഇരട്ടിയിലധികമാണ്. മുഴുവൻ വഴികളും തീർഥാടകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
എരുമേലിയിൽനിന്നുള്ള പരന്പരാഗത പാതയും പുല്ലുമേട് വഴിയും തീർഥാടകരുടെ ഒഴുക്കാണ് സന്നിധാനത്തേക്ക്. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരാണ് ഏറെയുമുള്ളത്. വടക്കേമലബാറിൽനിന്നുള്ള തീർഥാടകരാണ് പർണശാലകൾ കെട്ടി കഴിയുന്നത്. കൊച്ചുകുട്ടികളും മുതിർന്ന സ്ത്രീകളും ഇവർക്കൊപ്പമുണ്ട്. മകരവിളക്കിനെത്തിയിരിക്കുന്ന തീർഥാടകർക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നതിന് സർക്കാരിന്റെ വിവിധ വകുപ്പുകൾ ഏകോപിച്ചാണ് പ്രവർത്തിക്കുന്നത്.
ഏകോപനത്തിന് ജില്ലാ കളക്ടർ തന്നെ സിന്നിധാനത്ത് ക്യാന്പ് ചെയ്യുകയാണ്. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ദുരന്തനിവാരണ വകുപ്പിന്റെ കീഴിൽ അടിയന്തര ഓപ്പറേഷൻ സെല്ലും ജില്ലാ ഭരണകൂടം സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്.ഇന്നും നാളെയുമുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് സന്നിധാനത്തുള്ള 3200 ഓളം പോലീസ് സേനാംഗങ്ങൾക്ക് പുറമേ തൃശൂർ പോലീസ് അക്കാദമിയിൽ പരിശീലനം നടത്തുന്ന നൂറിലധികം സബ് ഇൻസ്പെക്ടർമാരെയും സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്.
തിരക്ക് വർധിക്കുന്നതിനാൽ പന്പയിലെയും സന്നിധാനത്തെയും സർക്കാർ ആശുപത്രിയികളിലും സന്നിധാനം വരെയുള്ള താത്ക്കാലിക ആശുപത്രികളിലും കൂടുതൽ ഡോക്ടർമാരെയും പാരാ മെഡിക്കൽ ജീവക്കാരെയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ തന്നെ ഇന്ന് സ്ഥലത്തെത്തും. എഡിജിപി നിധിൻ അഗർവാൾ, ഐജി ജെ. ശ്രീജിത്ത് എന്നീ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ സന്നിധാനത്ത് ക്യാന്പ് ചെയ്താണ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്. ദേവസ്വം മന്ത്രി, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇന്ന് രാത്രി സന്നിധാനത്തെത്തുന്നുണ്ട്. മകരവിളക്കിന്റെ തിരക്ക് പ്രമാണിച്ച് 14 ലക്ഷം ടിണ് അരവണയും രണ്ടുലക്ഷത്തോളം കവർ അപ്പവും കരുതൽ ശേഖരമായുണ്ടെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ആർ. രവി ശങ്കർ പറഞ്ഞു.
ഉൾപ്രദേശങ്ങളിൽ പർണശാലകൾ കെട്ടി തീർഥാടകർ കഴിയുന്നതിനാൽ അതീവ ജാഗ്രതനിർദേശമാണ് പോലീസും വനംവകുപ്പും നൽകിയിരിക്കുന്നത്. വനംവകുപ്പിന്റെ എലിഫന്റ് സ്ക്വാഡിന്റെ പട്രോളിംഗും സന്നിധാനത്തിന് ചുറ്റുമുള്ള വനപ്രദേശങ്ങളിൽ നടക്കുന്നുണ്ട്. മകരവിളക്കിന് മുന്നോടിയായുള്ള പന്പവിളക്കും പന്പസദ്യയും ഇന്ന് നടക്കും. ഇന്ന് ഉച്ചയോടെ തീർഥാടകർ പന്പാ തീരത്ത് ഒന്നിച്ചിരുന്നാണ് സദ്യകഴിക്കുന്നത്.
അയ്യപ്പന്റെ സാന്നിധ്യം സദ്യയിലുണ്ടാകുമെന്നാണ് വിശ്വാസം. സന്ധ്യയ്ക്ക് മണ്ചിരാതുകളിൽ ദീപം തെളിയിച്ച് പന്പാനദിയിലൂടെ ഒഴുക്കും. ഇതോടെ പന്പ ദീപപ്രഭയാൽ ശോഭിക്കും. പന്പയും സന്നിധാനവും തീർഥാടകരെക്കൊണ്ട് നിറഞ്ഞ് നിറയുകയും ശബരം വിളികളാൽ മുഖരിതവുമായ അന്തരീക്ഷത്തിലാണ്.
പർണശാലകളൊരുക്കി കാത്തിരിപ്പ്
ശബരിമല: വ്രതാനുഷ്ഠാനങ്ങളോടെയുള്ള കാത്തിരിപ്പിന് പൂർണത കൈവരുന്ന പുണ്യജ്യോതിയുടെ ദർശനത്തിനുവേണ്ടി അയ്യപ്പഭക്തരുടെ കാത്തിരിപ്പ്. നാളെ പൊന്നന്പലമേട്ടിൽ തെളിയുന്ന മകരജ്യോതിയുടെ പുണ്യം നുകരാനായി പർണശാലകളൊരുക്കി അയ്യപ്പഭക്തരുടെ കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു. ജ്യോതിദർശനം സാധ്യമായ സ്ഥലങ്ങളിലെല്ലാംതന്നെ അയ്യപ്പഭക്തർ തന്പടിച്ചു തുടങ്ങി. ശബരിമല സന്നിധാനത്തും പന്പയിലുമാണ് തിരക്കേറെയും.
സന്നിധാനത്ത് പാണ്ടിത്താവളത്താണ് അയ്യപ്പഭക്തരേറെയും തന്പടിക്കുന്നത്. കെട്ടിടങ്ങൾക്കും മരങ്ങൾക്കും മുകളിൽ കയറാൻ അനുവദിക്കാത്തതിനാൽ ഉയർന്ന പ്രദേശങ്ങൾ നോക്കി ഭക്തർ താവളമുറപ്പിച്ചുവരികയാണ്.പുല്ലുമേട് പാതയിൽ ജ്യോതിദർശനത്തിനു തിരക്കുണ്ടാകും. സത്രം, ഉപ്പുപാറ, പുല്ലുമേട് എന്നിവിടങ്ങളിൽ ജ്യോതിദർശനത്തിനായി ഭക്തർക്ക് സുരക്ഷാ ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. പന്പയിൽ ഹിൽടോപ്പ്, ഗസ്റ്റ് ഹൗസ്, കഐസ്ആർടിസി ബസ് സ്റ്റേഷൻ പരിസരങ്ങളിലായിരിക്കും തിരക്ക്.
ചാലക്കയം, അട്ടത്തോട്, ആങ്ങമൂഴി തുടങ്ങിയ സ്ഥലങ്ങളിലും ഭക്തരുടെ തിരക്കുണ്ടാകും.മകരവിളക്കിന് ഒരു ദിവസം ബാക്കിനില്ക്കെ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുളള ലക്ഷോപലക്ഷം അയ്യപ്പഭക്തർക്ക് സുരക്ഷിതവും, പ്രയാസരഹി തവുമായ മകരജ്യോതിദർശനം സാധ്യമാക്കാൻ എല്ലാവകുപ്പുക ളും ഒത്തൊരുമിച്ച് പ്രവർത്തി ക്കണമെന്ന് സന്നിധാനത്തെ ദേവസ്വം ഓഫീസ് കോംപ്ളക്സിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിൽ ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസർ ആർ.രവി ശങ്കർ പറഞ്ഞു.
മകരജ്യോതി കാണാനെത്തുന്ന അയപ്പഭക്തരുടെ സുരക്ഷ്ക്കായുളള എല്ലാ സംവി ധാനങ്ങളും സജ്ജമാണെന്ന് സന്നിധാനം പോലീസ് സ്പെഷൽ ഓഫീസർ എസ്. സുരേന്ദ്രൻ അറിയിച്ചു. ഇതിനായി സേനയേയും അയ്യപ്പസേവാ സംഘം പ്രവർത്തകരെയും സജ്ജ മാക്കുന്നതിനായി വടക്കേനട യിലും, മാളികപ്പുറത്തും, പാണ്ടി താവളത്തും മോക്ഡ്രിൽ നടത്തി. ഇന്നലെ രാത്രി പാണ്ടിത്താവളത്ത് വീണ്ടും അസ്കാലൈററ് ഉപയോഗിച്ച് 14 പോയിന്റുകളിൽ നിരീക്ഷണം നടത്തി.
വടക്കേ നടയിൽ പോലീസ്,ആർ എ എഫ്, എൻഡി ആർഎഫ് എന്നീ സേനകൾ സംയുക്തമായി സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര ഘട്ടങ്ങളു ണ്ടായാൽ നേരിടുന്നതിനായി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്ക് കീഴിൽ അടിയന്തര ഓപ്പേറഷൻ സെൽ രൂപീകരിച്ചതായി ഡ്യൂട്ടി മജിസ്ട്രേറ്റ് ബി.രാജചന്ദ്രൻ അറിയിച്ചു.