പത്തനംതിട്ട: ശബരിമലയിൽ മകരവിളക്കിനോട് അനുബന്ധിച്ചുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു. നിരോധനാജ്ഞ തീർഥാടകരുടെ എണ്ണം കുറയാൻ കാരണമായിട്ടില്ല. 144 പ്രഖ്യാപിച്ചതുവഴി തീർഥാടകർക്ക് കൂടുതൽ സുരക്ഷ ഒരുക്കാനായെന്നും കളക്ടർ പറഞ്ഞു.
മലമുകളിൽ തെളിയുന്ന പുണ്യജ്യോതിയുടെ നിർവൃതി തേടി ഭക്തസഹസ്രങ്ങൾ. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനു മുന്നിൽ നടക്കുന്ന ദീപാരാധനയ്ക്കൊപ്പം പൊന്നന്പലമേട്ടിൽ തെളിയുന്ന ജ്യോതിയുടെ നിർവൃതിയും പിന്നാലെ മകരസംക്രമപൂജയുടെ പുണ്യവും നുകരാനായിട്ടാണ് അയ്യപ്പഭക്തർ കാത്തിരിക്കുന്നത്.
പന്തളത്തുനിന്നു പുറപ്പെട്ട തിരുവാഭരണഘോഷയാത്ര ഇന്ന് വൈകുന്നേരം അഞ്ചോടെ ശരംകുത്തിയിലെത്തും. ദേവസ്വം ഉദ്യോഗസ്ഥരും അയ്യപ്പസേവാസംഘം ഭാരവാഹികളും ചേർന്നു തിരുവാഭരണങ്ങൾ സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകന്പടിയോടെ പതിനെട്ടാംപടി കയറി സന്നിധാനത്തെത്തിക്കും. സോപാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ബോർഡംഗങ്ങൾ എന്നിവർ ചേർന്ന് തിരുവാഭരണം സ്വീകരിക്കും.
ശ്രീകോവിലിനു മുന്പിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങും. തുടർന്ന് നട അടച്ച് തിരുവാഭരണങ്ങൾ അണിയിച്ച് നട തുറക്കും. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് 6.30 ഓടെ ദീപാരാധന നടക്കും. ഇതേസമയം പൊന്നന്പലമേട്ടിൽ മകരജ്യോതിയും തെളിയും. ഇത്തവണ 7.52 നാണ് മകരസംക്രമപൂജയും നെയ്യഭിഷേകവും നടക്കുക. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നെത്തിക്കുന്ന നെയ്യാണ് സംക്രമപൂജയ്ക്ക് ഉപയോഗിക്കുന്നത്.
സൂര്യൻ ധനുരാശിയിൽ നിന്നും മകരംരാശിയിലേക്കു മാറുന്നതിനോടനുബന്ധിച്ചാണ് മകര സംക്രമപൂജ. മകരജ്യോതി ദർശനത്തിനായി അയ്യപ്പഭക്തർ സന്നിധാനത്തും പരിസരങ്ങളും പർണശാലകൾ കെട്ടി തങ്ങുകയാണ്. ജ്യോതിദർശനം സാധ്യമായ എല്ലാ സ്ഥലങ്ങളിലും തിരക്കേറിയിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ കൂടുതൽ അയ്യപ്പഭക്തർ മല കയറുന്നുണ്ട്. സന്നിധാനത്തും പന്പയിലുമായി എട്ട് സ്ഥലങ്ങളിൽ മകരജ്യോതി ദർശനത്തിനു പ്രത്യേക ക്രമീകരണം ചെയ്തിട്ടുണ്ട്.