ശബരിമല: തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്കു ശബരിമല ക്ഷേത്ര ശ്രീകോവിലിൽ ദീപാരാധന അർപ്പിക്കുമ്പോൾ മകരനക്ഷത്രവും പൊന്നമ്പലമേട്ടിലെ ജ്യോതിയും മാനത്തു തെളിഞ്ഞു. മലമുകളിൽ തെളിഞ്ഞ പുണ്യജ്യോതി ഭക്തസഹസ്രങ്ങൾക്ക് നിർവൃതിയായി. ജ്യോതിയുടെ നിർവൃതിയും മകരസംക്രമപൂജയുടെ പുണ്യവും നുകരാനായിട്ട് ഭക്തലക്ഷങ്ങളാണ് എത്തിയത്.
പന്തളത്തുനിന്നു പുറപ്പെട്ട തിരുവാഭരണങ്ങൾ വൈകുന്നേരം ആറോടെ ശബരിമലയിൽ എത്തിച്ചു. ശരംകുത്തിയിലെത്തിച്ച തിരുവാഭരണങ്ങൾ ദേവസ്വം ഉദ്യോഗസ്ഥരും അയ്യപ്പസേവാസംഘം ഭാരവാഹികളും ചേർന്നു സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകന്പടിയോടെ സന്നിധാനത്തേക്ക് ആനയിച്ചു. സോപാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ബോർഡംഗങ്ങൾ എന്നിവർ ചേർന്ന് തിരുവാഭരണം സ്വീകരിച്ചു. ശ്രീകോവിലിനു മുന്പിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് നടച്ചു.
തിരുവാഭരണങ്ങൾ അണിയിച്ച് 6.30ഓടെ ദീപാരാധനയ്ക്കായി നട തുറന്നപ്പോഴെക്കും ശരണം വിളികളുയർന്നു. പിന്നാലെ പൊന്നമ്പലമേട്ടിൽ ആദ്യ ജ്യോതി തെളിഞ്ഞു. ജ്യോതി തെളിഞ്ഞതോടെ കാത്തുനിന്ന അയ്യപ്പഭക്തർക്കു മനം കുളിർന്നു. കനത്ത സുരക്ഷാ വലയത്തിനിടെ പുല്ലുമേട്ടിലും ഭക്തസഹസ്രങ്ങൾ മകരജ്യോതി ദർശിച്ചു.
7.52 നാണ് മകരസംക്രമപൂജയും നെയ്യഭിഷേകവും നടക്കുക. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നെത്തിക്കുന്ന നെയ്യാണ് സംക്രമപൂജയ്ക്ക് ഉപയോഗിക്കുന്നത്. സൂര്യൻ ധനുരാശിയിൽ നിന്നും മകരംരാശിയിലേക്കു മാറുന്നതിനോടനുബന്ധിച്ചാണ് മകര സംക്രമപൂജ.