എം.ജെ. റോബിൻ
കേളകം(കണ്ണൂർ): “മ’ എന്ന അക്ഷരംകൊണ്ട് മായാജാലം തീർത്ത അതുല്യപ്രതിഭയായിരുന്നു ഇന്നലെ വിടപറഞ്ഞ മകാരം മാത്യു.
അഭിനേതാവ്, ഗ്രന്ഥകർത്താവ്, പ്രഭാഷകൻ എന്നീനിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചു.
“മ’ എന്ന അക്ഷരംകൊണ്ട് നിർത്താതെ അഞ്ചുമണിക്കൂർ പ്രസംഗിച്ച് ഗിന്നസ് റിക്കാർഡിന് ഉടമയുമായി.
അന്പതാം വയസിലാണ് മാത്യു മകാര പ്രസംഗം തുടങ്ങിയത്. ആദ്യം എഴുതിപ്പഠിച്ചായിരുന്നു അവതരണം.
പിന്നീട് ഏതു വിഷയം പറഞ്ഞാലും മത്തായി “മ’ കൊണ്ട് വാക്കുകളുടെ വെടിക്കെട്ട് തീർക്കുന്ന കാലമുണ്ടായി.
1997-ൽ ഡൽഹി ഗുഡ്ഗാവിൽ അഞ്ചു മണിക്കൂർ മകാര പ്രസംഗം നടത്തി കൗതുക പ്രസംഗത്തിനുള്ള ലോകറിക്കാർഡ് കുറിച്ചിട്ടുണ്ട്.
1983-ൽ കൊട്ടിയൂർ മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെക്കുറിച്ച് ‘കൊട്ടിയൂരിലെ ഉരുൾപൊട്ടൽ’എന്നപേരിൽ മാത്യു കവിതാപുസ്തകമിറക്കി. ഈ കവിത ‘മാമലയ്ക്ക് മാനഭംഗം’എന്നപേരിൽ മാത്യു പിന്നീട് മാറ്റിയെഴുതി.
“മ’ എന്ന അക്ഷരത്തിൽ തന്നെയാണ് പുസ്തകമെഴുതിയത്. അതിലെ തെറ്റുകൾ തിരുത്തി അവതാരികയെഴുതിയ സിനിമാനടൻ തിക്കുറിശി മാത്യുവിന്റെ കഴിവ് തിരിച്ചറിഞ്ഞു.
അങ്ങനെ മാത്യുവിന്റെ കഴിവ് പുറംലോകത്തെ അറിയിക്കുന്ന ഉത്തരവാദിത്തം തിക്കുറിശി സ്വയം ഏറ്റെടുത്തു.
അന്ന് തിക്കുറിശി സദസിന് മാത്യുവിനെ പരിചയപ്പെടുത്തിയത് മകാരം മത്തായി എന്നപേരിലായിരുന്നു. അങ്ങനെയാണ് മാത്യു മകാരം മത്തായിയായത്.
അഞ്ചു മണിക്കൂറോളം ‘മ’യിലൂടെ മാത്രം സംസാരിച്ച് “മ’ യിലൂടെ മറുപടിയേകി ജനങ്ങളെ അത്ഭുതപ്പെടുത്തിയ കാലവും പിന്നീടുണ്ടായി.
മാത്യു ഗാന്ധിജിയുടെ വേഷത്തിൽ വേഷപ്പകർച്ച നടത്തി രാജ്യത്തുടനീളം സഞ്ചരിച്ചിട്ടുണ്ട്.
പയ്യന്നൂർ ഗാന്ധി ഫൗണ്ടേഷൻ നിർമിച്ച ഗാന്ധിജിയെക്കുറിച്ചുള്ള സിനിമയിലും അഭിനയിച്ചു. നാലായിരത്തോളം വേദികളിൽ ഗാന്ധിജിയുടെ വേഷത്തിൽ എത്തി പ്രഭാഷണം നടത്തിയിട്ടുണ്ട്.
നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം കലാഭവൻ മണിയെക്കുറിച്ചും “മ’ എന്ന അക്ഷരം ഉപയോഗിച്ച് പുസ്തകമെഴുതിയിട്ടുണ്ട്.
നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. “മ’ യ്ക്കു പുറമെ അ,ക,പ,സ,ട്ട എന്നീ അക്ഷരങ്ങൾകൊണ്ടും വാക്കുകളുടെ മായാജാലം തീർത്തിട്ടുണ്ട്.