ശബരിമല: മകരവിളക്കിന്റെ പുണ്യംതേടിയെത്തിയ ഭക്തസഹസ്രങ്ങളുടെ തിരക്കിലമർന്ന് ശബരിമല. സന്നിധാനവും പരിസരങ്ങളും പന്പയും നിലയ്ക്കലുമെല്ലാം തീർഥാടകരുടെ തിരക്കിലാണ്. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും സംവിധാനങ്ങൾ പോലീസ്, എൻഡിആർഎഫ് , ദ്രുതകർമസേനാ വിഭാഗങ്ങൾ ശക്തമാക്കിയിട്ടുണ്ട്.തിരക്ക് നിയന്ത്രിക്കുന്നതിന് കൂടുതൽ പോലീസ് ചുമതലയേറ്റു. നിലവിലുള്ളവരെക്കൂടാതെ 200 ഓളം പോലീസുകാരെയാണ് പുതുതായി തിരക്ക് നിയന്ത്രിക്കുന്ന ജോലികൾക്ക് മാത്രമായി നിയോഗിച്ചിട്ടുള്ളത്.
മകരവിളക്ക് കഴിഞ്ഞ ശേഷം ഭക്തർ തിരിച്ചിറങ്ങുന്പോൾ ഉണ്ടാകുന്ന തിക്കും തിരക്കും നിയന്ത്രിക്കുന്നതിന് പോലീസും ദ്രുതകർമസേനയും എൻഡിആർഎഫും യോജിച്ച് പ്രവർത്തിക്കും. പാണ്ടിത്താവളം, ജീപ്പ് റോഡ്, വടക്കേ നട, മാളികപ്പുറത്തെ ഇറക്കം തുടങ്ങി വിവിധ ഇടങ്ങളിലും പർണശാലകൾക്ക് സമീപവും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. ഫയർഫോഴ്സ് വിഭാഗവും ജാഗ്രതയോടെ രംഗത്തുണ്ട്.
മകരവിളക്ക് ദര്‍ശനത്തിനായെത്തുന്ന ഭക്തജനങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങളുമായി സഹകരിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അഭ്യര്‍ഥിച്ചു. വന്‍ജനാവലി എത്തുമെന്ന പ്രതീക്ഷയില്‍ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസ് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. മകരവിളക്ക് സമയത്തും ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുമ്പോഴും ഭക്തജനങ്ങള്‍ നിയന്ത്രണം പാലിക്കണം. അശ്രദ്ധ അപകടത്തിനിടയാക്കും. പോലീസിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
നിലയ്ക്കലിലെ പാര്‍ക്കിംഗ് ഗ്രൗണ്ട് ഇന്നലെ ഉച്ചയോടെതന്നെ ഏറെക്കുറെ നിറഞ്ഞുകഴിഞ്ഞു. പോലീസ് നിര്‍ദേശിക്കുന്ന സ്ഥലങ്ങളിലല്ലാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ദര്‍ശനത്തിനായി വരിയില്‍ നില്‍ക്കുന്നവര്‍ക്ക് ഔഷധക്കുടിവെള്ളവും ബിസ്കറ്റും യഥേഷ്ടം നല്‍കിവരുന്നുണ്ട്.
(കൂടുതൽ ശബരിമല വാർത്തകൾ പേജ് നാല്)